കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2021-22 അക്കാദമിക് വര്‍ഷം മുതല്‍ എച്ച്.എസ്.എ. ഇംഗ്ലീഷ് തസ്തികകള്‍ പ്രത്യേകം സൃഷ്ടിക്കണമെന്ന് ഹൈക്കോടതി. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ബിരുദധാരികളെ പ്രത്യേകം തസ്തിക സൃഷ്ടിച്ച് നിയമിക്കുന്നതിനായി കേരള വിദ്യാഭ്യാസ ചട്ടത്തില്‍ നേരത്തേ ഭേദഗതി കൊണ്ടുവന്നിരുന്നു.

2002-2003 അക്കാദമിക് വര്‍ഷം മുതല്‍ ഇത് നടപ്പാക്കേണ്ടതായിരുന്നു. ഈ തീരുമാനം നടപ്പാക്കാത്തത് അലോസരപ്പെടുത്തുന്നു എന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദേശിച്ചത്. തൃശ്ശൂര്‍ സ്വദേശി പി.എം. അലി, തിരുവല്ല കല്ലൂപ്പാറ സ്വദേശി റെജി തോമസ് എന്നിവര്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് ഈ ഉത്തരവ്.

യോഗ്യതയുള്ള അധ്യാപകരെ നിയമിക്കാതെ മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരെക്കൊണ്ട് പഠിപ്പിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷ ശരിയായവിധം കൈകാര്യം ചെയ്യാനാകുന്നില്ലെന്നായിരുന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയത്. മൂന്ന് ഡിവിഷനുകളിലായി ആഴ്ചയില്‍ 15 പീരീഡുകള്‍ വീതം ഒരു വിഷയത്തില്‍ പഠനം നടക്കുന്നുണ്ടെങ്കില്‍ ഈ വിഷയത്തില്‍ മുഴുവന്‍സമയ ഹൈസ്‌കൂള്‍ അസിസ്റ്റന്റിന്റെ തസ്തിക അനുവദിക്കാമെന്നാണ് കേരള വിദ്യാഭ്യാസ ചട്ടത്തില്‍ പറയുന്നതെന്നും വാദിച്ചു.

എന്നാല്‍, അഞ്ച് ഡിവിഷനുകള്‍ ഉണ്ടെങ്കില്‍ മാത്രം സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപക തസ്തികയുണ്ടാക്കിയാല്‍ മതിയെന്ന ചട്ടമാണ് വിദ്യാഭ്യാസ വകുപ്പ് പാലിച്ചുവരുന്നതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

Content Highlights: English teachers posts should be created in aided schools says Kerala High court