ന്യൂഡല്‍ഹി: പ്ലസ്ടുവിന് കണക്കും ഫിസിക്‌സും പഠിക്കാത്തവരെ പ്രത്യേക പരിശീലനം നല്‍കി എന്‍ജിനിയറിങ് ബിരുദത്തിനു ചേര്‍ക്കാമെന്ന എ.ഐ.സി.ടി.ഇ. തീരുമാനം പുനഃപരിശോധിക്കണമെന്ന് നീതി ആയോഗ് സമിതി അംഗം.

വൈസ് ചെയര്‍മാന്‍ രാജീവ് കുമാറിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ അഭിപ്രായഭിന്നത ഉടലെടുത്തത്. നീതി ആയോഗ് അംഗവും ശാസ്ത്രജ്ഞനുമായ വി.കെ. സാരസ്വതാണ് എ.ഐ.സി.ടി.ഇ. തീരുമാനത്തെ എതിര്‍ത്തത്. എ.ഐ.സി.ടി.ഇ. ചെയര്‍മാന്‍ അനില്‍ സഹസ്രബുദ്ധെ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരെ എന്നിവരും യോഗത്തിലുണ്ടായിരുന്നു.

പുതിയ വിദ്യാഭ്യാസനയത്തെ പിന്തുടര്‍ന്നുള്ള ബഹുതല സമീപനത്തെത്തുടര്‍ന്നാണ് കണക്കും ഫിസിക്‌സും പഠിച്ചില്ലെങ്കിലും എന്‍ജിനിയറിങ് ബിരുദത്തിനു പരിഗണിക്കണമെന്ന തീരുമാനമെന്ന് എ.ഐ.സി.ടി.ഇ. ചെയര്‍മാന്‍ അനില്‍ സഹസ്രബുദ്ധെ വാദിച്ചു.

തെറ്റായ ദിശയിലുള്ളതാണ് തീരുമാനമെന്ന് സാരസ്വത് പറഞ്ഞു. ഫിസിക്‌സും കണക്കും പശ്ചാത്തലമുള്ളവര്‍ രണ്ട് സെമസ്റ്ററില്‍ ബ്രിഡ്ജ് കോഴ്സ് പഠിക്കണം. ഇത്തരം വിദ്യാര്‍ഥികള്‍ക്ക് ബി-ടെക് കോഴ്സ് നഷ്ടമായിരിക്കും. വിദ്യാര്‍ഥി അക്ഷരമാല പഠിക്കുന്നതും കവിത എഴുതുന്നതും ഒരുപോലെ അഭിനന്ദിക്കാന്‍ എങ്ങനെ കഴിയുമെന്നും സാരസ്വത് ചോദിച്ചു.

ഫിസിക്‌സും കണക്കും നേരത്തേ നിര്‍ബന്ധമായിരുന്നു. യോഗ്യതാമാനദണ്ഡം അയവുള്ളതെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സും ബിസിനസ് സ്റ്റഡീസുമൊക്കെ പഠിച്ചവര്‍ക്കും ബി-ടെക്കിന് അപേക്ഷിക്കാമെന്നതാണ് പുതിയ വ്യവസ്ഥ. ഫിസിക്‌സ്, കണക്ക്, കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, ഐ.ടി, ബയോളജി, ഇന്‍ഫോര്‍മാറ്റിക് പ്രാക്ടീസ്, ബയോടെക്നോളജി, എന്‍ജിനിയറിങ് ഗ്രാഫിക്‌സ്, ബിസിനസ് സ്റ്റഡീസ്, എന്റര്‍പ്രണര്‍ഷിപ്പ് തുടങ്ങിയ വിഷയങ്ങളില്‍ ഏതെങ്കിലും മൂന്നെണ്ണത്തില്‍ 45 ശതമാനം മാര്‍ക്കുണ്ടെങ്കില്‍ എന്‍ജിനിയറിങ് യോഗ്യതയാവാമെന്നും പരിഷ്‌കരിച്ചു. കണക്കും ഫിസിക്‌സും നിര്‍ബന്ധമാക്കിയ വ്യവസ്ഥ ഒഴിവാക്കിയതിനെതിരേയാണ് നീതി ആയോഗ് അംഗത്തിന്റെ എതിര്‍പ്പ്. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് അധികൃതരുടെ വാദം.

Content Highlights:  Engineering without studying mathematics and physics