തിരുവനന്തപുരം: മാതൃഭാഷയിലും എന്‍ജിനിയറിങ് പഠനമാകാമെന്ന ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്റെ നിര്‍ദേശത്തില്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് ആലോചന തുടങ്ങുന്നു. സങ്കീര്‍ണമായ ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ അഭിപ്രായവും തേടും.

ഭരണഘടനയുടെ എട്ടാംപട്ടികയില്‍പ്പെട്ട 11 ഭാഷകളില്‍ എന്‍ജിനിയറിങ് പഠനമാകാമെന്ന് കഴിഞ്ഞവര്‍ഷമാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുക സങ്കീര്‍ണമാണെന്ന് വിദ്യാഭ്യാസവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രാഥമിക ബി.ടെക്. ശാഖകളില്‍ മലയാളത്തില്‍ പഠനമാകാമെന്ന് തീരുമാനിച്ചാലും പാഠ്യപദ്ധതി മലയാളത്തിലാക്കുക സങ്കീര്‍ണവും സമയമെടുക്കുന്നതുമാണ്. ഒരു ശാഖയില്‍ത്തന്നെ 40 പേപ്പറുകളില്‍ പരീക്ഷയുള്ളതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ ആലോചനകളും ചര്‍ച്ചകളും വേണം.

സമയമെടുക്കും

ഏതാനും സാങ്കേതിക പദങ്ങള്‍ മലയാളത്തിലുണ്ടെങ്കിലും ബി.ടെക്. പഠനം മലയാളത്തിലാക്കണമെങ്കില്‍ സമയമെടുക്കും. പാഠ്യപദ്ധതി ഭാഷാന്തരീകരണത്തിനും മറ്റും ഏറെ സമയമെടുക്കും. ലേഖനങ്ങളും പാഠപുസ്തകങ്ങളും മലയാളത്തില്‍ ലഭ്യമാക്കുകയും വേണ്ടിവരും. തികച്ചും സങ്കീര്‍ണമായിരിക്കും ഈ ഉദ്യമം.

- ഡോ. രാജന്‍ വറുഗീസ്, മെമ്പര്‍ സെക്രട്ടറി, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍

Content Highlights: Engineering study in malayalam, discussion will start soon , AICTE