കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള എന്‍ജിനീയറിങ് കോളേജുകളില്‍ പരീക്ഷകള്‍ കൃത്യമായി നടത്തി ഫലം സമയബന്ധിതമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. 

സര്‍വകലാശാലയ്ക്ക് കീഴിലുള്ള എയ്ഡഡ്, സ്വാശ്രയ കോളേജുകള്‍ക്ക് ഇതിനാവശ്യമായ നിര്‍ദേശം അടിയന്തരമായി നല്‍കണമെന്നും കമ്മിഷന്‍ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. ഫലം പ്രഖ്യാപിച്ച് ഒരുവര്‍ഷത്തിനുശേഷമാണ് സപ്ലിമെന്ററി പരീക്ഷകള്‍ നടത്തുന്നതെന്നും എന്‍ജിനീയറിങ് വിഭാഗം സാങ്കേതിക സര്‍വകലാശാലയിലേക്ക് മാറ്റിയിട്ടും കാലിക്കറ്റ് സര്‍വകലാശാലയില്‍ അവശേഷിക്കുന്ന വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സര്‍വകലാശാല അലംഭാവം കാണിക്കുകയാണെന്നും ആരോപിച്ച് മുഹമ്മദ് നബീല്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. 

കമ്മിഷന്‍ സര്‍വകലാശാല രജിസ്ട്രാറില്‍ നിന്ന് വിശദീകരണം വാങ്ങിയിരുന്നു.  ഏപ്രില്‍, നവംബര്‍ മാസങ്ങളിലായി ആറുമാസം കൂടുമ്പോള്‍ ബി-ടെക് പരീക്ഷകള്‍ നടത്താറുണ്ട്. അവസാന സെമസ്റ്റര്‍ ഫലം പരീക്ഷകഴിഞ്ഞ് മൂന്നുമാസത്തിനകം പ്രസിദ്ധീകരിക്കാറുണ്ട്.  മൂല്യനിര്‍ണയത്തിന് അധ്യാപകരുടെ കുറവുണ്ടാകാറുണ്ടെന്നും  ഇത് പരീക്ഷയുടെ നടത്തിപ്പിനെ ബാധിക്കുന്നണ്ടെന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു.  എട്ട് സെമസ്റ്ററുകള്‍ക്ക് വര്‍ഷത്തില്‍ 15 പരീക്ഷ നടത്തേണ്ടിവരുന്നുണ്ട്. ഇതുകാരണം മൊത്തം പരീക്ഷകള്‍ താറുമാറാകാറുണ്ട്. ഇതുകൊണ്ടാണ് ഇടക്കാല സപ്ലിമെന്ററി പരീക്ഷകള്‍ ഏഴ്, എട്ട് സെമസ്റ്ററുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്.  ഇപ്പോള്‍ വര്‍ഷത്തില്‍ ഒമ്പത് പരീക്ഷകളാണ് നടത്തുന്നത്. അധ്യാപനപരിചയമുള്ള അധ്യാപകരുടെ ലഭ്യതക്കുറവാണ് പരീക്ഷാഫലം വൈകാന്‍ കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.  കൂടുതല്‍ സപ്ലിമെന്ററി പരീക്ഷകള്‍ നടത്താനും സെമസ്റ്ററുകളുടെ ഫലപ്രഖ്യാപനം വൈകുന്നത് ഒഴിവാക്കാനും കഴിയാത്ത സാഹചര്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പരീക്ഷാ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും സര്‍വകലാശാല കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്ന് കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു. എട്ട് സെമസ്റ്ററുകളുള്ള കോഴ്സിന് കാലാകാലങ്ങളില്‍ പരീക്ഷയും സപ്ലിമെന്ററി പരീക്ഷയും നടത്തണം.  പരിചയസമ്പന്നരായ അധ്യാപകരുടെ കുറവ് ചൂണ്ടിക്കാണിച്ച് മൂല്യനിര്‍ണയത്തില്‍ കാലതാമസം വരുത്തുന്നതില്‍ ന്യായീകരണമില്ലെന്നും പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. 

Content Highlights: engineering exams should be conducted properly says human rights commision