കൊച്ചി: സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളേജുകള്‍ക്കായി നടപ്പാക്കുന്ന ശേഷിവികസന പദ്ധതി ജനുവരിയില്‍ തുടങ്ങും. പരീക്ഷണാടിസ്ഥാനത്തില്‍ 25 കോളേജുകളിലാണ് തുടക്കമിടുന്നത്. ഏപ്രിലോടെ 150 കോളേജുകളിലേക്ക് വ്യാപിപ്പിക്കും. ആഴ്ചയില്‍ ഏഴു മണിക്കൂര്‍ ക്ലാസാണ് ആസൂത്രണം ചെയ്യുന്നത്.

പുതിയ സാങ്കേതികതകളില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാനാണ് ശേഷിവികസന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. സിലബസും സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കലും അന്തിമ ഘട്ടത്തിലാണ്.

ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് കംപ്യൂട്ടിങ് എന്നിവയിലെല്ലാം ക്ലാസുകള്‍ ആസൂത്രണം ചെയ്യുന്നു. അതത് മേഖലകളിലെ വിദഗ്ദ്ധരാണ് ക്ലാസുകള്‍ നയിക്കുക. ഇതിനായി വിദഗ്ദ്ധരുടെ പാനലുണ്ടാകും. കോളേജുകളില്‍ മേല്‍നോട്ടത്തിന് പ്രത്യേകം അധ്യാപകരുണ്ടാകും. പദ്ധതിയുടെ ഭാഗമായി കോളേജുകളില്‍നിന്ന് മൂന്ന് അധ്യാപകര്‍ക്ക് പരിശീലനം നല്‍കും.

രണ്ടാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികളെയാണ് ശേഷിവികസന പദ്ധതിയിലേക്ക് ഉദ്ദേശിക്കുന്നത്. ആദ്യവര്‍ഷത്തെ പ്രകടന മികവും അഭിരുചിയും കണക്കിലെടുത്ത് കോളേജുകളാണ് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുക. പ്രവൃത്തിദിവസങ്ങളില്‍ കോളേജിലെ പഠന സമയത്തിനു ശേഷം ഒരു മണിക്കൂര്‍ വീതം നാലു ദിവസം ക്ലാസുകളുണ്ടാകും. വാരാന്ത്യത്തില്‍ ഒരു ദിവസം രാവിലെ മുതല്‍ ഉച്ചവരെയും ക്ലാസെടുക്കും. ആഴ്ചയില്‍ ആകെ ഏഴു മണിക്കൂറാണ് നിശ്ചയിച്ചിരിക്കുന്നത്. കോളേജുകളില്‍ പ്രത്യേകമായി സ്മാര്‍ട്ട് ക്ലാസ് മുറികള്‍ സജ്ജീകരിക്കും.

സ്മാര്‍ട്ട് ക്ലാസ്!മുറികള്‍ എങ്ങനെ സജ്ജീകരിക്കണമെന്നതിനെക്കുറിച്ച് കോളേജുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി അക്കാദമി ഓഫ് കേരള (ഐ.സി.ടി. അക്കാദമി) വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന ഐ.ടി. മിഷന്‍, എ.പി.ജെ. അബ്ദുള്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, സംസ്ഥാന ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്നിവയുടെ സഹകരണവുമുണ്ട്.