കോഴിക്കോട്: എന്‍ജിനിയറിങ് കോളേജുകളില്‍ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് വെര്‍ച്വല്‍ പ്രവേശനം നേടാന്‍ സൗകര്യമുണ്ടായിട്ടും നേരിട്ടു ഹാജരാകണമെന്ന് നിര്‍ബന്ധംപിടിച്ച് ചില കോളേജുകള്‍. പ്രവേശനപരീക്ഷാ കമ്മിഷണറുടെ നിര്‍ദേശം മറികടന്നാണ് ഈ കോളേജുകളുടെ നടപടി. 'കീം' വഴി പ്രവേശനയോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്കാണ് ദുരവസ്ഥ. കോവിഡ് സാഹചര്യം പരിഗണിച്ചാണ് ഇത്തവണ രണ്ടുതരം പ്രവേശനത്തിന് അനുമതി നല്‍കിയത്.

അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ വിദ്യാര്‍ഥിക്ക് നേരിട്ടെത്തി പ്രവേശനം നേടുകയോ സൗകര്യപ്രദമായ തൊട്ടടുത്തുള്ള കോളേജില്‍ വെര്‍ച്വലായി പ്രവേശനം നേടുകയോ ചെയ്യാം. ഇതിനു വിരുദ്ധമായാണ് നേരിട്ടുതന്നെ പ്രവേശനം നേടണമെന്ന് ചില കോളേജുകള്‍ ശഠിക്കുന്നത്.

രേഖകള്‍ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നാണ് ഈ കോളേജുകളുടെ വാദം. അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ പ്രവേശനം നേടിയില്ലെങ്കില്‍ അടുത്ത അലോട്ട്‌മെന്റില്‍ പരിഗണിക്കപ്പെടില്ലെന്ന ഭീതിയില്‍ കുട്ടികള്‍ക്ക് ഈ വ്യവസ്ഥ അംഗീകരിച്ച്, കോളേജുകളില്‍ എത്തേണ്ടിവരുന്നു. കാസര്‍കോട്ടുള്ള കുട്ടികള്‍ക്ക് കോട്ടയത്തും പത്തനംതിട്ടയിലും മറ്റുമാണ് പോകേണ്ടിവന്നത്. കോഴിക്കോട്ടുള്ള കുട്ടികള്‍ക്ക് കൊല്ലംവരെ യാത്രചെയ്യേണ്ടിവന്നു. കണ്‍ടെയ്ന്‍മെന്റ്് സോണുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള കോളേജിലേക്കുവരെ പോകേണ്ടിവന്നെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. നേരിട്ടെത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് 17 കേന്ദ്രങ്ങളില്‍ ഹാജരായി പ്രവേശനം നേടാമെന്നാണ് പ്രവേശനപരീക്ഷാ കമ്മിഷണറുടെ നിര്‍ദേശം.

എല്ലാ ജില്ലകളിലും ഇത്തരം കേന്ദ്രങ്ങളുണ്ട്. അവിടെ നല്‍കുന്ന രേഖകളുടെ സ്‌കാന്‍ചെയ്ത പകര്‍പ്പ് പ്രവേശനം നേടിയ കോളേജിലേക്ക് അയച്ചുകൊടുക്കും. അവിടെ രേഖകള്‍ പരിശോധിച്ച് പ്രവേശനം നല്‍കിയുള്ള അറിയിപ്പ് വിദ്യാര്‍ഥിക്ക് ഇ-മെയിലില്‍ നല്‍കും.

വെര്‍ച്വല്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ രേഖകളുടെ അസല്‍ ഒക്ടോബര്‍ 30-ന് നാലുമണിക്കുമുമ്പ് റിപ്പോര്‍ട്ടിങ് കേന്ദ്രങ്ങളില്‍ കൊടുക്കണം. എന്നാല്‍, ഇത് കോളേജില്‍ നേരിട്ടെത്തിക്കണമെന്നാണ് ചില കോളേജുകള്‍ ശഠിക്കുന്നത്.

രേഖകള്‍ റിപ്പോര്‍ട്ടിങ് കേന്ദ്രത്തില്‍ നല്‍കിയാല്‍ മതി

കോളേജുകളില്‍ നേരിട്ടെത്തി പ്രവേശനം നേടണമെന്നു നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് എല്ലാ കോളേജുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദമായ റിപ്പോര്‍ട്ടിങ് കേന്ദ്രങ്ങളിലെത്തി പ്രവേശനം നേടാം. 30-നകം അസല്‍ രേഖകളും അവിടെ നല്‍കിയാല്‍മതി. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റും ഇതേ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.

-പ്രവേശനപരീക്ഷാ കമ്മിഷണറുടെ ഓഫീസ്

Content Highlights: Engineering admission, where to join students under confusion, KEAM