തൃശ്ശൂർ: സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് അരലക്ഷത്തോളം അധ്യാപകർ തിരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് ഒരു ദിവസത്തെ ഇടവേളയിൽ പരീക്ഷാ ജോലിയിലേക്ക് എത്തുന്നത്. ഏപ്രിൽ ആറിന് തിരഞ്ഞെടുപ്പ് ജോലിക്ക് ശേഷം രാത്രി വൈകി വീടുകളിലെത്തുന്ന അധ്യാപകർ എട്ടിന് രാവിലെ പരീക്ഷാ ജോലിക്ക് എത്തും. രാവിലെ എസ്.എസ്.എൽ.സി. യുടേയും ഉച്ചയ്ക്ക് ശേഷം പ്ലസ്ടുവിന്റേയും പരീക്ഷകളാണ് നടക്കുക.

തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് ജീവനക്കാർക്ക് സർക്കാർ അവധി നൽകാറുണ്ട്. എന്നാൽ ഈ അധ്യാപകർക്ക് ഈ അവധി എടുക്കാൻ അവസരമുണ്ടാവില്ല. വിടുതൽ ഉത്തരവ് വാങ്ങലും സ്വന്തം സ്കൂൾ പരീക്ഷയ്ക്ക് ക്രമീകരിക്കേണ്ട ജോലിയും ഇവർ ചെയ്യേണ്ടി വരും.

മിക്ക സ്കൂളുകളും പോളിങ് ബൂത്ത് ആയതിനാൽ പരീക്ഷയ്ക്ക് വേണ്ടി ക്രമീകരിക്കാൻ ഒരു ദിവസം മാത്രമാണ് കിട്ടുക.

കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമാണ് പരീക്ഷകൾ നടത്തുക എന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. തലേദിവസം ആയിരത്തോളം പേർ വന്ന് പോയ സ്കൂൾ ക്ലാസ് മുറികൾ മാനദണ്ഡ പ്രകാരം സാനിറ്റൈസ് ചെയ്യേണ്ടത് ആവശ്യമാണ്. എന്നാൽ അത് മിക്ക സ്കൂളുകളിലും നടക്കുമോ എന്ന കാര്യവും സംശയമാണ്.

Content Highlights: Election and exam duties together, heavy work for school teachers