ന്യൂഡല്‍ഹി: സി.ബി.എസ്.ഇ വിദ്യാര്‍ഥികളുടെ കരിക്കുലത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഉള്ളടക്കങ്ങള്‍ ഒറ്റ കുടക്കീഴിലൊരുക്കി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. 'വിദ്യാദാന്‍ 2.0' എന്ന പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ കീഴില്‍ സി.ബി.എസ്.സി കരിക്കുലത്തെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ വ്യക്തികളും സ്ഥാപനങ്ങളും തയ്യാറാക്കിയ വിവരങ്ങള്‍ ലഭിക്കും. 'വിദ്യാദാന്‍' എന്ന പേരില്‍ നേരത്തെ സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്കായി പഠന വിഭവങ്ങള്‍ ലഭ്യമാക്കിയിരുന്നു. ഇതിന്റെ അടുത്ത ഘട്ടമാണ് വിദ്യാദാന്‍ 2.0. 

ഒന്നു മുതല്‍ 12 വരെയുള്ള സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്കായി ആവശ്യത്തിന് വിവരങ്ങള്‍ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. വിദ്യാദാനിന്റെ ആദ്യഘട്ടത്തില്‍ ആറു മുതല്‍ ഒന്‍പത് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി 10,000 ത്തോളം ഉള്ളടക്കങ്ങള്‍ ലഭ്യമാക്കിയിരുന്നു. 

ഇനി വിദ്യാദാന്‍ 2.0 വഴി അധ്യാപകര്‍ക്കും സ്ഥാപനങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്ത് ഉള്ളടക്കങ്ങള്‍ അപ്ലോഡ് ചെയ്യാം. വിഡിയോകള്‍, ക്വിസ്സുകള്‍, നോട്‌സ് തുടങ്ങി പല തരം ഉള്ളടക്കങ്ങള്‍ അധ്യാപകര്‍ക്ക് അപ്ലോഡ് ചെയ്യാം. ഉള്ളടക്കങ്ങള്‍ പ്രദാനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ മേയ് 10-ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത ശേഷം മേയ് 16നും 26നും ഇടയ്ക്ക് ഉള്ളടക്കങ്ങള്‍ അപ്ലോഡ് ചെയ്യണം. 

Content Highlights: Education ministry launches vidyadaan 2.0 for e-learning content development for CBSE Students