കോഴിക്കോട്: വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ പദ്ധതി എങ്ങുമെത്തിയില്ല. മെയ് മാസമായിരുന്നു പ്രഖ്യാപനമുണ്ടായതെങ്കിലും സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ആദ്യം ജൂണ്‍ പകുതിയോടെയും പിന്നീട് ജൂലായ് ആദ്യ വാരത്തോട് കൂടിയും ഉത്തരവ് ബാങ്കുകളില്‍ എത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചതെങ്കിലും  കഴിഞ്ഞ ദിവസം വരെ ഇതുമായി ബന്ധപ്പെട്ട്  ഒരു ഉത്തരവും ബാങ്കുകളില്‍ എത്തിയിട്ടില്ലെന്ന് രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു. ഇതോടെ വായ്പാ കുടിശ്ശികയുള്ളവര്‍ക്ക് തിരിച്ചടവ് നോട്ടീസ് അയച്ച് ഏത് വിധേനയും വായ്പ തിരിച്ച് പിടിക്കാനുള്ള നടപടികള്‍ ബാങ്കുകള്‍ ആരംഭിച്ചിട്ടുമുണ്ട്.

കനറാ ബാങ്കാണ് വിദ്യാഭ്യാസ വായ്പയുടെ നോഡല്‍ ബാങ്കായി പ്രവര്‍ത്തിക്കുന്നത്. ചെറുബാങ്കുകളെ കനറാ ബാങ്കുമായി ലയിപ്പിക്കുന്ന നടപടി പുരോഗമിക്കുന്നത് കൊണ്ട് വിദ്യാഭ്യാസ വായ്പ തിരിച്ച് പിടിക്കാനുള്ള നടപടി കനറാബാങ്കും ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ബാങ്കുകളുടെ ഇത്തരം നടപടി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും മെയ് മാസം മുതല്‍ക്ക് തന്നെ പദ്ധതി പ്രാവര്‍ത്തികമായിട്ടുണ്ടെന്നും പി.സി. ജോര്‍ജ് എംഎല്‍എ മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു.

900 കോടി രൂപയുടെ വായ്പാ പദ്ധതിയാണ് കഴിഞ്ഞ ബജറ്റില്‍ വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. അത് അനുവദിച്ച് കൊടുക്കാത്ത ബാങ്കുകാരുടെ നടപടി ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഉത്തരവ് കിട്ടിയിട്ടില്ലെന്നാണ് ബാങ്കുകാര്‍ പറയുന്നതെങ്കില്‍ അത് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞു. അതുവരെ ബാങ്കുകളുടെ വായ്പാ കത്തില്‍ ആരും ഭീതിയിലാവേണ്ടെന്നും പി.സി ജോര്‍ജ് ചൂണ്ടിക്കാട്ടി. മെയ് ആദ്യവാരം പ്രഖ്യാപിച്ച പദ്ധതി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥായിരുന്നു ഉദ്ഘാടനം ചെയ്തത്.