തൃശ്ശൂര്‍: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മലയാളം ഒരു വിഷയമായി പഠിപ്പിക്കണമെന്ന നിയമം നടപ്പാക്കാനുള്ള നടപടികളിലേക്ക് വിദ്യാഭ്യാസവകുപ്പ്. മലയാളം പഠനവുമായി ബന്ധപ്പെട്ട് ചിലയിടങ്ങളില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിവരുന്ന പശ്ചാത്തലത്തിലാണിത്. വിശദാംശങ്ങള്‍ പൊതുവിദ്യാഭ്യാസവകുപ്പ് വൈകാതെ പുറത്തിറക്കും.

2017-ലാണ് മലയാള പഠന നിയമം കേരള നിയമസഭ പാസാക്കിയത്. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ മലയാളം ഒരു വിഷയമായി പഠിപ്പിക്കണമെന്നതായിരുന്നു നിയമത്തിലെ പ്രധാന കാര്യം. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പൊതു വിദ്യാലയങ്ങളും മറ്റ് സിലബസുകളിലെ വിദ്യാലയങ്ങളും നിയമത്തിന്റെ പരിധിയില്‍ വരും.

എന്നാല്‍, നിയമം പാസാക്കിയതല്ലാതെ നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല. മലയാളം പഠിപ്പിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടറുടെ ചുമതലയാണെന്ന് നിയമം വ്യവസ്ഥചെയ്യുന്നു. ഒരു വിദ്യാഭ്യാസജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട മലയാളം അധ്യാപകരുടെ പാനലാണ് ഇതു സംബന്ധിച്ച പരിശോധന സ്‌കൂളുകളില്‍ നടത്തേണ്ടത്. നിയമത്തിന്റെ ചട്ടങ്ങള്‍ക്കൊപ്പം ചേര്‍ത്തിരിക്കുന്ന നിശ്ചിത ഫോമിലാണ് പരിശോധനാ വിവരങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്‍കേണ്ടത്.

അധ്യയന വര്‍ഷം തുടങ്ങി മൂന്ന് മാസത്തിനകം ഈ റിപ്പോര്‍ട്ട് നല്‍കണം. എന്നാല്‍, നിയമം വന്നിട്ട് നാല് വര്‍ഷമായിട്ടും അധ്യാപക പാനല്‍ സംസ്ഥാനത്ത് ഒരിടത്തും ഉണ്ടായില്ല. ഓരോ സ്‌കൂളിലും പത്താം ക്ലാസില്‍ മലയാളത്തിന് ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന അഞ്ച് കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കണമെന്നുള്ള നിയമത്തിലെ വ്യവസ്ഥയും നടപ്പായില്ല. മലയാളം പഠിപ്പിക്കുന്നതിന് തങ്ങള്‍ എതിരല്ലെന്നും സംസ്‌കൃത അധ്യാപക തസ്തിക ഇല്ലാതാക്കുന്ന നടപടിയെയാണ് എതിര്‍ക്കുന്നതെന്നും കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി കെ.ആര്‍. ജയദേവന്‍ പറഞ്ഞു.

Content highlights : education department implement a law taught malayalam as a subject in all state schools