കോഴിക്കോട്: മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കായി സംവരണം ചെയ്ത എല്‍എല്‍.ബി. സീറ്റുകളില്‍ പ്രവേശനനടപടികള്‍ പൂര്‍ത്തിയായിട്ടും സീറ്റുകള്‍ ബാക്കി. സാമ്പത്തികസംവരണത്തില്‍ ശതമാനം സീറ്റുകളാണ് അനുവദിച്ചത്. സൂപ്പര്‍ ന്യൂമററി സീറ്റുകളായി അനുവദിച്ച ഇവയില്‍ മറ്റുവിഭാഗക്കാരെ ഉള്‍പ്പെടുത്താനുമാവില്ല.

സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെങ്കിലും അപ്ലോഡ് ചെയ്തതിലും അപേക്ഷിച്ചതിലുമുണ്ടായ സാങ്കേതികത്വം കാരണം അപേക്ഷ നല്‍കിയ നിരവധിയാളുകള്‍ക്ക് കിട്ടിയതുമില്ല. നടപടികള്‍ പൂര്‍ത്തിയായതിനാല്‍ ഇനി സര്‍ക്കാര്‍ ഉത്തരവുണ്ടാകാതെ പ്രവേശനം നല്‍കാനും സാധിക്കില്ല.

സംസ്ഥാനത്ത് കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ നാല് ഗവണ്‍മെന്റ് ലോ കോളേജുകളിലായി 25 സീറ്റാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതില്‍ അഞ്ചുവര്‍ഷ കോഴ്സിന് കോഴിക്കോട് ലോ കോളേജില്‍ മാത്രമാണ് ഒഴിവുള്ളത്-രണ്ട് സീറ്റ്.

മൂന്നുവര്‍ഷ കോഴ്‌സില്‍ എല്ലാ ലോ കോളേജിലും സാമ്പത്തിക സംവരണക്കാര്‍ക്കുള്ള സീറ്റില്‍ ഒഴിവുണ്ട്. കോഴിക്കോട്-10, തൃശ്ശൂര്‍-5, എറണാകുളം-5, തിരുവനന്തപുരം-3 എന്നിങ്ങനെ ആകെ 23 സീറ്റാണ് ഒഴിഞ്ഞുകിടക്കുന്നത്.

സാമ്പത്തിക സംവരണം ആദ്യമായി നടപ്പാക്കുന്നതിനാല്‍ അതിന്റെ നടപടിക്രമങ്ങളിലുണ്ടായ ആശയക്കുഴപ്പവും അറിയാന്‍ വൈകിയതും കാരണമാണ് പലരും അപേക്ഷ നല്‍കാന്‍ താമസിച്ചത്. സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുമ്പോഴേക്കും സമയം കഴിഞ്ഞുപോയവരും അപ്ലോഡ് ചെയ്തത് ശരിയാവാത്തവരും ഒട്ടേറെയുണ്ട്. ഇവരെല്ലാം ഇനി എന്തുചെയ്യുമെന്ന ആശങ്കയിലാണ്.

എന്‍ട്രന്‍സ് കമ്മിഷന്‍ നല്‍കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് കോളേജുകള്‍ പ്രവേശനം നല്‍കുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നടപടിയുണ്ടാകാതെ കോളേജുകള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ല.

ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് ചില വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചിട്ടുമുണ്ട്. ഒക്ടോബര്‍ 31-നാണ് കോളേജുകളില്‍ പ്രവേശനനടപടികള്‍ പൂര്‍ത്തിയായത്. ഇതിനുമുമ്പ് സംവരണവിഭാഗത്തില്‍ പ്രവേശനത്തിന് എല്ലാ കോളേജുകളും സ്‌പോട്ട് അഡ്മിഷനുകളും നടത്തിയിരുന്നു.

നടപടിയെടുക്കാന്‍ല്‍ആകുമോയെന്ന് പരിശോധിക്കും

പ്രവേശനനടപടികള്‍ പൂര്‍ത്തിയായതിനാല്‍ ഇനി ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടിയുണ്ടാകാനുള്ള സാധ്യത കുറവാണ്. മാത്രമല്ല, വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ സമയം നീട്ടിനല്‍കുകയും ചെയ്തിരുന്നതാണ്. എന്തായാലും അപേക്ഷാര്‍ഥികള്‍ മന്ത്രിക്ക് ഇ-മെയിലില്‍ പരാതി അയക്കുകയാണെങ്കില്‍ വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോയെന്ന് പരിശോധിക്കുമെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രിയുടെ ഓഫീസില്‍നിന്ന് അറിയിച്ചു.

Content Highlights: economic reservation, seats in law colleges are vacant