വളാഞ്ചേരി: പഠനം രസകരമാക്കാന്‍ ആഴ്ചയിലൊരുദിവസം രക്ഷിതാക്കളുടെ 'പെര്‍ഫോമന്‍സ്' കൂടി ആയാലോ? ചിലര്‍ പാടുമ്പോള്‍ മറ്റു ചിലര്‍ നൃത്തംവെക്കുന്നു, വേറേ ചിലര്‍ സംഗീതോപകരണങ്ങള്‍ വായിക്കുന്നു. ചിലര്‍ പാചകംചെയ്യുന്നു, കൃഷിചെയ്യുന്നു, ചിലര്‍ അവര്‍ ശേഖരിച്ചുവെച്ച പുരാവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നു. അക്കൂട്ടത്തില്‍ സ്വന്തം അച്ഛനും അമ്മയും ഉണ്ടെങ്കില്‍ അതും സന്തോഷമല്ലേ?

'ഇ ടു ഇ' എന്ന പേരില്‍ (എജ്യുക്കേഷന്‍ ത്രൂ എന്റര്‍ടെയിന്‍മെന്റ്) കോട്ടൂര്‍ എ.കെ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിഭാഗത്തിനായാണ് ഇങ്ങനെയൊരു പദ്ധതി തുടങ്ങിയത്.

സ്‌കൂളിന്റെ യൂട്യൂബ് ചാനലായ സ്മാര്‍ട്ട് ബെല്ലിലൂടെ എല്ലാ വ്യാഴാഴ്ചയും രാത്രി ഏഴരമുതല്‍ എട്ടരവരെയാണ് രക്ഷിതാക്കള്‍കൂടി ക്ലാസെടുക്കുകയും പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യുക.

ഇംഗ്ലീഷ് അധ്യാപകന്‍ മാറാക്കര നെല്ലിക്കല്‍ ഷൗക്കത്തലിയാണ് ഇത്തരമൊരു പരിപാടി ആവിഷ്‌കരിച്ചത്. സ്‌കൂളില്‍ ക്ലാസില്ലാത്ത സാഹചര്യത്തില്‍ കുട്ടികള്‍, കൂട്ടുകാര്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ തമ്മിലുള്ള മാനസികമായ അടുപ്പം നഷ്ടപ്പെടാതിരിക്കാനാണിത്.

അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒന്നിക്കുമ്പോഴാണ് വിദ്യാഭ്യാസപ്രക്രിയ പൂര്‍ണമാകുന്നതെന്നും അതാണ് 'ഇ ടു ഇ'യിലൂടെ സാധ്യമാകുന്നതെന്നും പദ്ധതിയെക്കുറിച്ച് പഠനം നടത്തിയ മഞ്ചേരി എന്‍.എസ്.എസ്. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും എഴുത്തുകാരനുമായ ഡോ. സന്തോഷ് വള്ളിക്കാട് പറഞ്ഞു.

'ഇ ടു ഇ' പരിപാടിയുടെ പത്ത് എപ്പിസോഡുകള്‍ പുറത്തിറങ്ങിക്കഴിഞ്ഞു. പ്ലസ്‌വണ്‍, പ്ലസ്ടു തലത്തിലെ 180 ഇംഗ്ലീഷ് വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണ് ചാനല്‍ സംപ്രേഷണം നടക്കുന്നതെങ്കിലും ഇത്രയും കുട്ടികളുടെ വീടുകളിലെ മുഴുവന്‍ കുടുംബാംഗങ്ങളുമടങ്ങുന്ന ആയിരത്തിലധികം പേരാണ് സ്മാര്‍ട്ട്‌ബെല്‍ കാണുന്നതെന്ന് നെല്ലിക്കല്‍ ഷൗക്കത്തലി പറഞ്ഞു. സുരേഷ് പുല്ലാട്ട്, പി. അഭിനവ് മോഹന്‍, ടി. മുഹമ്മദ് റാഫി, എസ്. സുരേഷ്‌കുമാര്‍, കെ.പി. സീന എന്നിവരാണ് പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകര്‍.

പരിപാടിയുടെ ഒന്നാം എഡിഷന്‍ ഗ്രാന്‍ഡ് ഫിനാലെ ആബിദ്ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. പ്രകാശനം ചെയ്തു. കോട്ടയ്ക്കല്‍ നഗരസഭാധ്യക്ഷ ബുഷ്റ ഷബീര്‍ അധ്യക്ഷതവഹിച്ചു. അരുണ ആര്‍. മാരാര്‍, പ്രതീഷ് കലാഭവന്‍, ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം ഫാരിഷ ഹുസൈന്‍, സനീഷ് ഇരിട്ടി, ഗായകന്‍ ഹിജാസ് അസ്‌ലം, ജിതിന്‍ കോട്ടയ്ക്കല്‍ എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. എസ്.എസ്.എ. മലപ്പുറം ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ടി. രത്നാകരന്‍, മലപ്പുറം ബി.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍ പി. മുഹമ്മദാലി, സ്‌കൂള്‍ മാനേജര്‍ കറുത്തേടത്ത് ഇബ്രാഹിം ഹാജി, പ്രിന്‍സിപ്പല്‍ അലി കടവണ്ടി, പ്രഥമാധ്യാപകന്‍ ബഷീര്‍ കുരുണിയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Content Highlights: E to E project for students 2021