ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ കൂടുതല്‍ ഗവേഷണം ലക്ഷ്യമിട്ട് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വിദ്യാര്‍ഥികളിലേക്ക്. പ്രതിരോധ മേഖലയിലെ ഗവേഷണത്തിനായി രാജ്യത്തെ വിദ്യാര്‍ഥികളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി പ്രത്യേക പദ്ധതികള്‍ തയാറാക്കി വരികയാണെന്ന് ഡിആര്‍ഡിഒ അറിയിച്ചു.
കൂടുതല്‍ ഗവേഷണം നടത്താന്‍ ഐഐടി, ഐഐഎസ്‌സി അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിക്കുമെന്ന് ഡിആര്‍ഡിഒ അധികൃതര്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി ഐഐടി മദ്രാസ്, ഐഐടി ബോംബെ എന്നിവയുമായി ഗവേഷണ സഹകരണത്തിന് ഡിആര്‍ഡിഒ ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. പ്രൊപ്പല്‍ഷന്‍ ടെക്‌നോളജി സെന്റര്‍ ആരംഭിക്കുന്നതിന് വേണ്ടിയാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായാണ് പ്രതിരോധ ഗവേഷണ സ്ഥാപനം വിദ്യാര്‍ഥികളിലേക്ക് എത്തുന്നത്. ഫ്യൂച്ചറിസ്റ്റിക് എയ്‌റോ എന്‍ജിന്‍സ്, ഹൈപ്പര്‍സോണിക് പ്രൊപ്പല്‍ഷന്‍, സോളിഡ് പ്രൊപ്പലന്റ് വിഭാഗങ്ങളില്‍ ഗവേഷണത്തിനായാണ് ഐഐടികളില്‍ സെന്റര്‍ തുടങ്ങിയത്.