ന്യൂഡൽഹി: കോവിഡ്-19 രോഗബാധയെ തടയുന്നതിന്റെ ഭാഗമായി ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ ഫീസടയ്ക്കാൻ കുട്ടികളെ നിർബന്ധിക്കരുതെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. മേയ് മൂന്നിന് ലോക്ക്ഡൗൺ അവസാനിച്ച ശേഷം മതി ഫീസ് പിരിക്കലെന്നും അതുവരെ ഓൺലൈനായി ക്ലാസ്സുകൾ നടത്തണമെന്നും മന്ത്രാലയം വ്യക്തമാക്കി.

പല സ്ഥാപനങ്ങളും വിദ്യാർഥികളിൽ നിന്ന് നിർബന്ധിതമായി ഫീസ് പിരിക്കുന്നത് എ.ഐ.സി.ടി.ഇയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ സ്ഥിതിഗതികൾ ശാന്തമാകുന്നത് വരെ ഇത് പാടില്ലെന്നും ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതിനെ സംബന്ധിക്കുന്ന നിർദേശങ്ങൾ ഉടൻ എ.ഐ.സി.ടി.ഇ പ്രസിദ്ധീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഓൺലൈൻ ക്ലാസ്സുകൾ തുടരും. ഓൺലൈൻ പരീക്ഷാ നടത്തിപ്പിനെക്കുറിച്ച് പഠിക്കാൻ യു.ജി.സി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് പരീക്ഷാ നടത്തിപ്പിനെക്കുറിച്ച് പുതിയ നിർദേശങ്ങൾ പുറത്തിറക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഇതുകൂടാതെ പല സ്ഥാപനങ്ങളും ജീവനക്കാനുടെ എണ്ണം കുറച്ചതായും ശമ്പളം തടഞ്ഞിരിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ലോക്ക്ഡൗൺ പിൻവലിച്ചാലുടൻ ഇത് പരിഹരിക്കും. ഇത് സംബന്ധിച്ച നിർദേശങ്ങൾ അതത് സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാർക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു. ലോക്ക്ഡൗണിനെത്തുടർന്ന് സമ്മർ ഇന്റേൺഷിപ്പിന്റെ ഭാഗമാകാൻ സാധിക്കാത്തവർക്ക് വീട്ടിലിരുന്നും ഇന്റേൺഷിപ്പിന്റെ ഭാഗമാകാമെന്നും മന്ത്രാലയം വ്യക്തമാക്കി.

Content Highlights: dont pressure students to pay fees, and continue online teaching says hrd ministry