തൃശ്ശൂർ: എം.ബി.ബി.എസ്. കഴിഞ്ഞ് പി.ജി. എടുക്കാനുള്ള സമാന്തരമാർഗമായിരുന്ന ഡി.എൻ.ബി.യുടെ (ഡിപ്ലോമേറ്റ് ഓഫ് നാഷണൽ ബോർഡ്) പ്രവേശനത്തിന് നിയന്ത്രണം. ഇതിനുവേണ്ടി മാത്രം ഇനി പ്രവേശനപരീക്ഷ ഉണ്ടായിരിക്കില്ല. വർഷത്തിൽ രണ്ടു തവണ പ്രവേശനം എന്നത് ഒരു തവണയാക്കിയിട്ടുമുണ്ട്. പി.ജി. പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിലെ റാങ്ക് പട്ടികയിൽ നിന്നായിരിക്കും ഇനി ഡി.എൻ.ബി.യ്ക്കുള്ളവരെ തിരഞ്ഞെടുക്കുക. രണ്ടു തവണയെന്നത് വെട്ടിച്ചുരുക്കുന്നതിലൂടെ രാജ്യത്ത് ഒരു വർഷം 2,300 ഡി.എൻ.ബി. സീറ്റുകൾ കുറയും.
എല്ലാ വർഷവും ജൂലായ്, ജനുവരി മാസങ്ങളിലാണ് ഡി.എൻ.ബി.യ്ക്കുള്ള പ്രവേശനപരീക്ഷയായ സി.ഇ.ടി. (സെൻട്രലൈസ്ഡ് എൻട്രൻസ് ടെസ്റ്റ് ) നടത്തുക. 1975-ൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് ഡി.എൻ.ബി. നിലവിൽ വന്നത്. മൂന്നു വർഷത്തെ കോഴ്‌സാണിത്. നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസാണ് കോഴ്‌സും പ്രവേശനപരീക്ഷയും നടത്തുന്നത്.
എം.ബി.ബി.എസിന് 50 ശതമാനം മാർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 19 സ്പെഷ്യാലിറ്റികളിലേക്കാണ് പ്രവേശനം. എൻട്രൻസ് പരീക്ഷയിലെ മാർക്കും എം.ബി.ബി.എസിന്റെ മാർക്കും പരിഗണിച്ചിരുന്നു. ആറുമാസം കൂടുമ്പോൾ നടത്തുന്ന പരീക്ഷ വഴി 2,300 പേർക്കാണ് പ്രവേശനം നൽകിയിരുന്നത്. രാജ്യത്ത് 479 മെഡിക്കൽ കോളേജുകളിലാണ് പഠനസൗകര്യമുള്ളത്. ഇതിൽ 227 എണ്ണം സർക്കാർ മേഖലയിലും 252 എണ്ണം സ്വകാര്യമേഖലയിലുമാണ്. നാഷണൽ അക്രഡിറ്റേഷൻ ഫോർ ഹോസ്പിറ്റൽസ് (എൻ.എ.ബി.എച്ച്.) ഉള്ള സ്വകാര്യ ആശുപത്രികളിൽ ചിലതിനും ഡി.എൻ.ബി. കോഴ്‌സ് നടത്താൻ അനുമതി നൽകിയിട്ടുണ്ട്.
ഇക്കൊല്ലം ജൂലായിലെ പ്രവേശത്തിന് അപേക്ഷ പ്രതീക്ഷിച്ചിരുന്ന ഡോക്ടർമാർക്ക് പുതിയ തീരുമാനം തിരിച്ചടിയാവും. ഇതോടൊപ്പം സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ എണ്ണത്തിൽ വരുംവർഷങ്ങളിൽ കുറവുണ്ടാവുകയും ചെയ്യും.
Content Highlights: DNB Special Entrance Discontinued; Admissions will be based on NEET score