തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദൂരപഠനവിഭാഗത്തിലെ പ്രവേശനത്തിനുള്ള അപേക്ഷകള്‍ പരിശോധിക്കാന്‍ ക്യാമ്പ് നടത്തുന്നത് പരിഗണനയില്‍. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നവരുടെ അപേക്ഷാ പകര്‍പ്പുകളും സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കാന്‍ എല്ലാ ജില്ലാകേന്ദ്രങ്ങളിലും ക്യാമ്പ് നടത്തുന്ന കാര്യം ആലോചിക്കാന്‍ വിദൂരപഠനവിഭാഗം സ്ഥിരംസമിതി നിര്‍ദേശം നല്‍കി.

അടുത്തദിവസം അപേക്ഷ സ്വീകരിക്കാനിരിക്കേ വിദ്യാര്‍ഥികള്‍ക്കുള്ള നിര്‍ദേശങ്ങളും കോഴ്സുകളുടെ വിശദവിവരങ്ങളും അടങ്ങിയ പ്രോസ്‌പെക്ടസ് വൈസ് ചാന്‍സലര്‍ പ്രകാശനംചെയ്തു. കോഴ്സുകളുടെ വിവരങ്ങള്‍, പ്രവേശന നിയമാവലികള്‍, യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് സര്‍വകലാശാലാ വെബ്സൈറ്റില്‍ പരിശോധിക്കാനാകും.

വിദൂരപഠന വിഭാഗത്തിലെ ജീവനക്കാരുടെ കുറവ് നികത്താനും വെള്ളിയാഴ്ച ചേര്‍ന്ന യോഗം തീരുമാനിച്ചു. യോഗത്തില്‍ കണ്‍വീനര്‍ എം.എ. യൂജിന്‍ മൊറേലി, പ്രൊഫ. എം.എം. നാരായണന്‍, എ.കെ. രമേശ് ബാബു, ഡോ. എം. മനോഹരന്‍, അഡ്വ. ടി.കെ. തോമസ്, ഡയറക്ടര്‍ ഡോ. ആര്‍. സേതുനാഥ് എന്നിവര്‍ പങ്കെടുത്തു.

കാലിക്കറ്റിന്റെ വിദൂരപഠന വിദ്യാര്‍ഥികള്‍ക്കുള്ള കലോത്സം ജനുവരിയില്‍ സര്‍വകലാശാല കാമ്പസില്‍ നടത്താന്‍ വിദൂരപഠന വിഭാഗം സ്ഥിരംസമിതി യോഗംതീരുമാനിച്ചു.കായികമത്സരങ്ങളും കാമ്പസില്‍ ഇതിനുശേഷം നടത്തും. സര്‍വകലാശാലാ ഫണ്ട് ഉപയോഗപ്പെടുത്തിയാകും ഇരുമത്സരങ്ങളും സംഘടിപ്പിക്കുകയെന്ന് കണ്‍വീനര്‍ യൂജിന്‍ മൊറേലി പറഞ്ഞു. 2019-ലാണ് നേരത്തേ വിദ്യാര്‍ഥികള്‍ക്കായി മേളകള്‍ സംഘടിപ്പിച്ചിരുന്നത്.

Content Highlights: distant education in calicut university