തിരുവനന്തപുരം: സംസ്ഥാനത്തുനിന്ന് ലോകനിലവാരത്തിലേക്ക് ഉയരാനാകുന്ന സര്‍വകലാശാലയാകും ഡിജിറ്റല്‍ സര്‍വകലാശാലയെന്ന് മന്ത്രി പി. രാജീവ് നിയമസഭയില്‍ പറഞ്ഞു. പുതിയ സര്‍വകലാശാല സംബന്ധിച്ച് ഒരുതരത്തിലുള്ള ആശങ്കയും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള ഡിജിറ്റല്‍ ശാസ്ത്ര സാങ്കേതിക നൂതനവിദ്യാ സര്‍കലാശാല ബില്‍ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി.

സര്‍ക്കാരിന്റെ സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കാതെ പ്രവര്‍ത്തിക്കുമെന്നതാണ് ഈ സര്‍വകലാശാലയുടെ പ്രത്യേകതയെന്ന് മന്ത്രി പറഞ്ഞു. നവീന സാമ്പത്തിക ധനാഗമ മാര്‍ഗങ്ങളാണ് സര്‍വകലാശാല മുന്നോട്ടുവെക്കുന്നത്. സര്‍വകലാശാലയ്ക്ക് ആവശ്യമായ പണം പദ്ധതികള്‍, കണ്‍സള്‍ട്ടന്‍സി, പേറ്റന്റ് പ്രയോഗം എന്നിവ വഴി സ്വരൂപിക്കാനാകും. സാങ്കേതിക സര്‍വകലാശാലയ്ക്ക് ഡിജിറ്റല്‍ സര്‍വകലാശാല സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ സര്‍വകലാശാലയില്‍ സ്ഥിര അധ്യാപക നിയമനങ്ങള്‍ നടക്കുമ്പോള്‍ അത് യു.ജി.സി. മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായിരിക്കും. നിലവിലുള്ള അധ്യാപകര്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ തന്നെയാണെന്നും മന്ത്രി പറഞ്ഞു.

Content Highlights: Digital university kerala Education news