തിരുവനന്തപുരം: വീടുകളിൽ ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്കായി വാർഡ് അടിസ്ഥാനത്തിൽ അയൽപക്ക പഠനകേന്ദ്രങ്ങൾ തുറക്കും. ഡിജിറ്റൽ പഠനത്തിനും തുടർപഠന പ്രക്രിയയ്ക്കും സൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുത്തശേഷം തദ്ദേശസ്ഥാപനങ്ങളുടെകൂടി സഹകരണത്തോടെ ഇക്കുറി ആവശ്യമായ മേഖലകളിൽ പഠനകേന്ദ്രങ്ങൾ ഒരുക്കാനാണ് തീരുമാനം.

ആദിവാസി ഊരുകളും മറ്റും കേന്ദ്രീകരിച്ച് കഴിഞ്ഞവർഷം ഇത്തരം പഠനകേന്ദ്രങ്ങൾ തുറന്നിരുന്നു. പഠനകേന്ദ്രത്തിന്റെ ഏകോപനച്ചുമതല തൊട്ടടുത്ത സ്കൂളിലെ പ്രധാനാധ്യാപകന് നൽകാനും ഇതുസംബന്ധിച്ച മാർഗരേഖയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചു. പഠനപിന്തുണ നൽകുന്നതിന് ആവശ്യമായ അധ്യാപകരെയും ഓരോ കേന്ദ്രത്തിലും നിയോഗിക്കും. കുട്ടികൾക്ക് നടന്നുപോകാവുന്ന ദൂരത്തിലുള്ള വായനശാലകൾ പോലുള്ള പൊതുയിടങ്ങളിലായിരിക്കണം പഠനകേന്ദ്രങ്ങൾ.

ടെലിവിഷൻ, കേബിൾ സൗകര്യം, കംപ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യം തുടങ്ങിയവ അതത് കേന്ദ്രങ്ങളിൽ ഒരുക്കും. വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾക്കൊപ്പം അതത് സ്കൂളുകളിലെ അധ്യാപകർ നൽകുന്ന തുടർപഠന പ്രക്രിയയിലും കുട്ടികളെ പങ്കെടുപ്പിക്കുകയാണ് ലക്ഷ്യം.

വാർഡുതല സമിതികൾ പഠനകേന്ദ്രത്തിന്റെ പ്രവർത്തനം നിരന്തരം വിലയിരുത്തും. കേബിൾ സൗകര്യം ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ മറ്റേതെങ്കിലും മാർഗം ഉപയോഗിച്ച് ക്ലാസ് കാണുന്നതിന് സൗകര്യമൊരുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പഠനകേന്ദ്രത്തിനായി ചുമതലപ്പെടുത്തേണ്ട പ്രധാനാധ്യാപകനെയും പിന്തുണപ്രവർത്തനങ്ങൾ നടത്തേണ്ട അധ്യാപകരെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നിർദേശിക്കണം.

Content Highlights: Digital Study centres for online classes, KITE Victers