കഴിഞ്ഞ മേയില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകള്‍ നടത്തിയപ്പോള്‍ കോവിഡിനോടുണ്ടായിരുന്ന ജാഗ്രത ഇത്തവണത്തെ പരീക്ഷകള്‍ക്കില്ല. സംസ്ഥാനത്ത് മൊത്തം കേസുകളുടെ എണ്ണം 40,000 കടന്ന പശ്ചാത്തലത്തിലാണിപ്പോള്‍ പരീക്ഷകള്‍. അതായത്, അന്നത്തേതിന്റെ 100 ഇരട്ടിയോളം രോഗികളുള്ളപ്പോള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനം കടക്കുകയും ചെയ്തു.

കഴിഞ്ഞകൊല്ലം മാര്‍ച്ചില്‍ തുടങ്ങിയ പരീക്ഷകളില്‍ മൂന്നെണ്ണമാണ് മേയില്‍ നടത്തിയത്. 2020 മേയ് 26-ന് പരീക്ഷ തുടങ്ങിയപ്പോള്‍ സംസ്ഥാനത്ത് മൊത്തം കോവിഡ് രോഗികളുടെ എണ്ണം 415 ആയിരുന്നു. ഇത്തവണ പരീക്ഷ തുടങ്ങിയ ഏപ്രില്‍ എട്ടിന് അത് 33,621 ആണ്. കഴിഞ്ഞ കൊല്ലം പരീക്ഷ തുടങ്ങിയ ദിവസം സംസ്ഥാനത്ത് 67 ആയിരുന്നു പുതിയ രോഗികളുടെ എണ്ണം. ഇത്തവണ പരീക്ഷ തുടങ്ങിയ ദിവസം റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകള്‍ 4353 ആണ്.

അന്ന് സ്‌കൂളുകളില്‍ പരീക്ഷയ്ക്കു മുമ്പ് സാനിറ്റൈസ് ചെയ്യുന്നതില്‍ വീഴ്ചയുണ്ടായില്ല. പൊതുഗതാഗതം ഇല്ലാതിരുന്ന ആ സമയത്ത് കുട്ടികളെ പരീക്ഷയ്ക്ക് എത്തിക്കാന്‍ പി.ടി.എ.യും തദ്ദേശ സ്ഥാപനങ്ങളും ഉത്സാഹിച്ചു. പരീക്ഷയ്ക്കു മുമ്പും ശേഷവും കുട്ടികള്‍ കൂട്ടംകൂടുന്നില്ല എന്ന് ഉറപ്പുവരുത്തി.

ചുരുക്കം സ്ഥലങ്ങളില്‍ മാത്രമാണ് ഇത്തരം ജാഗ്രത ഇപ്പോഴുള്ളത്. ഇപ്പോള്‍ നടക്കുന്ന പരീക്ഷയെഴുതാന്‍ 70 ശതമാനം കുട്ടികളും സ്‌കൂളുകളിലെത്തുന്നത് ബസിലാണ്. സ്‌കൂളിലേക്കു പ്രവേശിക്കുമ്പോള്‍ കൈകള്‍ സാനിറ്റൈസ് ചെയ്യുന്നതിലും തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് താപനില പരിശോധിക്കുന്നതിലും മാത്രമായി കോവിഡ് സുരക്ഷ ഒതുങ്ങുന്നു.

തിരഞ്ഞെടുപ്പിനുമുമ്പ് നടത്തിയിരുന്നെങ്കില്‍

ഈ പരീക്ഷകള്‍ തിരഞ്ഞെടുപ്പിനു മുമ്പ് നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. പരീക്ഷ തുടങ്ങാനിരുന്ന മാര്‍ച്ച് 17-ന് സംസ്ഥാനത്ത് 3.49 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അന്നത്തെ പുതിയ കേസ് 2098 ആയിരുന്നു. രോഗികളെക്കാള്‍ രോഗമുക്തരുടെ എണ്ണം കൂടിവന്ന ആഴ്ചയിലായിരുന്നു അന്ന് പരീക്ഷ നിശ്ചയിരുന്നത്.

Content Highlights: Covid 19 and public examinations