ന്യൂഡല്‍ഹി: പാഠ്യപദ്ധതിയുടെ 30 ശതമാനം കുറയ്ക്കാന്‍ സി.ബി.എസ്.ഇ. തീരുമാനിച്ചതോടെ പൗരത്വം, ദേശീയത, മതേതരത്വം, ഫെഡറലിസം, പ്ലാനിങ് കമ്മിഷനും പഞ്ചവത്സര പദ്ധതിയും എന്നീ പാഠഭാഗങ്ങള്‍ 11, 12 ക്ലാസുകളില്‍ പഠിപ്പിക്കില്ല. പൊളിറ്റിക്കല്‍ സയന്‍സില്‍നിന്നാണ് ഇവ നീക്കംചെയ്തത്. സിലബസ് കുറച്ചുകൊണ്ട് ബോര്‍ഡ് ഇറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 12-ാം ക്ലാസിലെ ബിസിനസ് സ്റ്റഡീസില്‍നിന്ന് നോട്ട് അസാധുവാക്കലും ഒഴിവാക്കി.

പ്രധാന ഭാഗങ്ങള്‍ നിലനിര്‍ത്തി അപ്രധാനമായവയാണ് സിലബസില്‍നിന്ന് ഒഴിവാക്കിയതെന്നാണു വിശദീകരണം. 2020-21 വര്‍ഷത്തെ സിലബസ് കുറയ്ക്കാന്‍ തീരുമാനിക്കുന്നതിനുമുമ്പ് സ്‌കൂളുകളില്‍നിന്നും മറ്റും അഭിപ്രായങ്ങള്‍ തേടിയപ്പോള്‍ 1500-ലധികം നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതായി മാനവശേഷിമന്ത്രി രമേഷ് പൊഖ്രിയാല്‍ അറിയിച്ചു.

ഒഴിവാക്കിയ പ്രധാന ഭാഗങ്ങള്‍

ഒമ്പതാം ക്ലാസ്

 • ഇംഗ്ലീഷ്- പാസീവ് വോയ്സ്, പ്രിപ്പോസിഷന്‍സിന്റെ ഉപയോഗം
 • സാമൂഹികശാസ്ത്രം- ജനസംഖ്യ, ജനാധിപത്യ അവകാശം, ഇന്ത്യയിലെ ഭക്ഷ്യസുരക്ഷ
 • കണക്ക്- ട്രയാങ്കിള്‍, ഇന്‍ട്രൊഡക്ഷന്‍ ടു യൂക്ലിഡ്‌സ് ജ്യോമെട്രി ആന്‍ഡ് ഹിസ്റ്റോഗ്രാംസ്
 • ഹിന്ദി- മേരെ ബച്ച്പന്‍ കേ ദിന്‍ (മഹാദേവി വര്‍മ), ഏക് കുട്ട ഔര്‍ മെയ്‌ന (ഹസ്രി പ്രസാദ് ദ്വിവേദി)

10-ാം ക്ലാസ്

 • ഇംഗ്ലീഷ്- ദ മിഡ്‌നൈറ്റ് വിസിറ്റര്‍, ഹൗ ടു ടെല്‍ വൈല്‍ഡ് അനിമല്‍സ്
 • സാമൂഹികശാസ്ത്രം- വനംവന്യജീവി, ജനാധിപത്യവും നാനാത്വവും, ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, പ്രധാന സമരങ്ങള്‍, ആധുനിക ലോകം
 • സയന്‍സ്- ലോഹവും ലോഹമല്ലാത്തതും, പൈതൃകവും വികാസവും, മനുഷ്യന്റെ കണ്ണിലെ ലെന്‍സിന്റെ പ്രവര്‍ത്തനം, ഊര്‍ജത്തിന്റെ സ്രോതസ്സ്
 • കണക്ക് -ഏരിയ ഓഫ് എ ട്രയാങ്കിള്‍, കണ്‍സ്ട്രക്ഷന്‍ ഓഫ് എ ട്രയാങ്കിള്‍, ഫ്രസ്റ്റം ഓഫ് എ കോണ്‍
 • ഹിന്ദി- സ്ത്രീ ശിക്ഷാ കേ വിരോധി കുത്രകോണ്‍ കാ ഖണ്ഡന്‍ (മഹാവീര്‍ പ്രസാദ് ദ്വിവേദി)

11-ാം ക്ലാസ്

 • പൊളിറ്റിക്കല്‍ സയന്‍സ്- ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം
 • ചരിത്രം- സംസ്‌കാരങ്ങളുടെ ഏറ്റുമുട്ടല്‍, നാടോടിസാമ്രാജ്യവും മുന്‍കാല സമൂഹങ്ങളും
 • സാമ്പത്തികശാസ്ത്രം- മോണോപൊളി, മോണോപൊളിസ്റ്റിക് കോംപറ്റീഷന്‍ മീനിങ് ആന്‍ഡ് ഫീച്ചേഴ്‌സ്
 • ബിസിനസ് സ്റ്റഡീസ്- ജി.എസ്.ടി.
 • ഭൂമിശാസ്ത്രം- കാലാവസ്ഥ, പ്രകൃതിദുരന്തങ്ങള്‍,
 • ഫിസിക്‌സ്- ഹീറ്റ് എന്‍ജിന്‍ ആന്‍ഡ് റെഫ്രിജറേറ്റര്‍, ഹീറ്റ്, താപനില, ഹീറ്റ് ട്രാന്‍സ്ഫര്‍ കണ്ടക്ഷന്‍, കണ്‍വെക്ഷന്‍ ആന്‍ഡ് റേഡിയേഷന്‍

12-ാം ക്ലാസ്

 • പൊളിറ്റിക്കല്‍ സയന്‍സ്- സോഷ്യല്‍ ആന്‍ഡ് ന്യൂ സോഷ്യല്‍ മൂവ്‌മെന്റ്‌സ് ഇന്‍ ഇന്ത്യ, പ്ലാനിങ് കമ്മിഷനും പഞ്ചവത്സര പദ്ധതിയും, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, മ്യാന്‍മാര്‍ എന്നിവയുമായുള്ള ഇന്ത്യയുടെ ബന്ധം
 • ചരിത്രം- കൊളോണിയലിസം ആന്‍ഡ് ദ കണ്‍ട്രിസൈഡ്, കൊളോണിയല്‍ സിറ്റീസ് ആന്‍ഡ് അണ്ടര്‍സ്റ്റാന്‍ഡിങ് പാര്‍ട്ടീഷന്‍
 • ബിസിനസ് സ്റ്റഡീസ്- നോട്ട് അസാധുവാക്കല്‍. സാമ്പത്തികശാസ്ത്രം- ഇന്ത്യയില്‍ വിദ്യാഭ്യാസമേഖലയുടെ വളര്‍ച്ച, ഓള്‍ട്ടര്‍നേറ്റീവ് ഫാമിങ് ആന്‍ഡ് ഓര്‍ഗാനിക് ഫാമിങ്,
 • ഭൂമിശാസ്ത്രം- അന്താരാഷ്ട്രവ്യാപാരം, ലാന്‍ഡ് റിസോഴ്‌സസ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍, ഫിസിക്‌സ് -കാര്‍ബണ്‍ റെസിസ്റ്റേഴ്‌സ്, കളര്‍കോഡ് ഫോര്‍ കാര്‍ബണ്‍, ഡേവിസണ്‍ജര്‍മര്‍ എക്‌സ്പെരിമെന്റ്, റേഡിയോ ആക്ടിവിറ്റി.

രാഷ്ട്രീയ അജന്‍ഡയെന്ന് വിമര്‍ശനം

സി.ബി.എസ്.ഇ. സിലബസ് 30 ശതമാനം വെട്ടിച്ചുരുക്കിയതിനെ സ്‌കൂളുകള്‍ സ്വാഗതം ചെയ്തപ്പോള്‍ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടിയാണിതെന്ന് ഒരുവിഭാഗം വിദ്യാഭ്യാസവിദഗ്ധരും പ്രതിപക്ഷനേതാക്കളും ആരോപിച്ചു.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജ, ശിവസേനാ നേതാവും രാജ്യസഭാംഗവുമായ പ്രിയങ്കാ ചതുര്‍വേദി എന്നിവര്‍ സിലബസ് ചുരുക്കിയതിനെതിരേ രംഗത്തെത്തി.

കോവിഡ് നിയന്ത്രണങ്ങള്‍ ഉപയോഗിച്ച് ആര്‍.എസ്.എസിന്റെ ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാനുള്ള ഹീനമായ ശ്രമമാണിതെന്ന് രാജ പ്രസ്താവനയില്‍ ആരോപിച്ചു. സിലബസ് കുറയ്ക്കാനുള്ള തീരുമാനത്തില്‍ രാഷ്ട്രീയതാത്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയതെന്ന് വിദ്യാഭ്യാസവിദഗ്ധര്‍ ആരോപിച്ചു.

Content Highlights: Demonetization and secularism chapters removed from CBSE syllabus to reduce burden on students