ന്യൂഡൽഹി: അവസാന വർഷ/സെമസ്റ്റർ വിദ്യാർഥികൾക്ക് ഓപ്പൺ ബുക്ക് രീതിയിൽ പരീക്ഷ നടത്താൻ തീരുമാനിച്ച് ഡൽഹി സർവകലാശാല. കോവിഡ്-19 രോഗബാധ രൂക്ഷമായ സാഹചര്യത്തിലാണ് സർവകലാശാലയുടെ തീരുമാനം. ജൂൺ ഏഴ് മുതലാകും ഈ രീതിയിൽ പരീക്ഷ നടത്തുക. സാമൂഹികാകലം പാലിച്ച് വിദ്യാർഥികൾക്ക് അവരവരുടെ കോളേജിലിരുന്നുതന്നെ പരീക്ഷയെഴുതാം.

കോവിഡ്-19 കാരണം അവസാന വർഷ വിദ്യാർഥികളുടെ പരീക്ഷ രണ്ടു തവണയാണ് മാറ്റിവെച്ചത്. ആദ്യം മേയ് 15-ന് നടത്താനിരുന്ന പരീക്ഷ ജൂൺ ഒന്നിലേക്ക് മാറ്റിയിരുന്നു. ആ പരീക്ഷയാണിപ്പോൾ ഓപ്പൺ ബുക്ക് രീതിയിൽ ജൂൺ ഏഴിലേക്ക് മാറ്റിയത്.

പരീക്ഷയുടെ പുതുക്കിയ ഡേറ്റ് ഷീറ്റുകൾ സർവകലാശാല വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കും. കോവിഡ്-19 രോഗം വർധിച്ച സാഹചര്യത്തിൽ മേയ് നാലു മുതൽ 16 വരെ ഓൺലൈൻ ക്ലാസ്സുകളും സർവകലാശാല റദ്ദാക്കിയിരുന്നു.

Content Highlights: Delhi University to conduct open book exams from June 7, Covid-19