ന്യൂഡല്‍ഹി: ബിരുദപ്രവേശനത്തിന് പൊതുപരീക്ഷ മാനദണ്ഡമാക്കാനുള്ള ഡല്‍ഹി സര്‍വകലാശാലയുടെ തീരുമാനം കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് നിര്‍ണായകം. പൊതുപരീക്ഷ നടത്താന്‍ സര്‍വകലാശാല ഡീന്‍ (പരീക്ഷാവിഭാഗം) ഡി.എസ്. റാവത്ത് അധ്യക്ഷനായുള്ള ഒന്‍പതംഗ സമിതിയുടെ നിര്‍ദേശം അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ചു. അടുത്ത 17ന് ചേരുന്ന എക്‌സിക്യുട്ടീവ് കൗണ്‍സില്‍ കൂടി അംഗീകരിക്കുന്നതോടെ തീരുമാനം പ്രാബല്യത്തില്‍വരും.

പന്ത്രണ്ടാംക്ലാസ് പരീക്ഷയില്‍ കേന്ദ്ര സംസ്ഥാന ബോര്‍ഡുകളിലെ വ്യത്യസ്ത മൂല്യനിര്‍ണയരീതി ബിരുദപ്രവേശനത്തിന്റെ നടപടികള്‍ സങ്കീര്‍ണമാക്കുന്നു. ഇതിനാലാണ് പൊതുപരീക്ഷയെന്ന തിരുമാനമെന്ന് ഡി.എസ്. റാവത്ത് അറിയിച്ചു. പരീക്ഷാനടത്തിപ്പുരീതി, സിലബസ്, ഏജന്‍സി എന്നിവ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ യോഗത്തിനുശേഷം തീരുമാനിക്കും. അടുത്ത അധ്യയനവര്‍ഷംമുതല്‍ സര്‍വകലാശാലയില്‍ ബി.ടെക്., പിഎച്ച്.ഡി., നാനോ മെഡിസിന്‍ ബിരുദാനന്തരബിരുദം തുടങ്ങാന്‍ തീരുമാനമായി.

ഈ വര്‍ഷത്തെ കണക്കെടുത്താല്‍ സി.ബി.എസ്.ഇ. (37,767)കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ കേരള ബോര്‍ഡില്‍ (1,890)നിന്ന് പ്രവേശനം നേടിയെന്നതിനാല്‍ത്തന്നെ മാറ്റം കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് നിര്‍ണായകമാണ്. കേരളത്തിലെ വിദ്യാര്‍ഥികള്‍ ഡി.യു.വിലേക്ക് കൂടുതലെത്തുന്നത് മാര്‍ക്ക് ജിഹാദിന്റെ ഭാഗമാണെന്ന ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയുടെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഹരിയാണ (1,824), ഐ.സി.എസ്.ഇ. (1,606), രാജസ്ഥാന്‍ (1,329) ബോര്‍ഡുകളാണ് തൊട്ടുപിന്നില്‍. അപേക്ഷകരില്‍ 90 ശതമാനവും ഈ ബോര്‍ഡുകളില്‍ നിന്നുള്ളവരാണ്. ദേശീയ ഓപ്പണ്‍ സ്‌കൂള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഗുജറാത്ത്, ബിഹാര്‍, യു.പി., മേഘാലയ എന്നിവയാണ് പ്രവേശനത്തില്‍ പിന്നില്‍.

പൊതുപരീക്ഷാ തീരുമാനം അനാരോഗ്യപരമായ മത്സരത്തിലേക്ക് വഴിവെക്കുമെന്നും ഡി.യു. പ്രവേശത്തിന്റെ പേരില്‍ കൂണുപോലെ കോച്ചിങ് സെന്റുകള്‍ ആരംഭിക്കാന്‍ കാരണമാകുമെന്നും സമിതി അംഗം മിഥുരാജ് ദുസിയ പ്രതികരിച്ചു. തിരഞ്ഞെടുക്കപ്പെട്ട 26 അംഗ കൗണ്‍സിലിലെ 16 അംഗങ്ങള്‍ തീരുമാനത്തെ എതിര്‍ത്തിട്ടുണ്ട്.

Content Highlights: Delhi university Common entrance test