ന്യൂഡല്‍ഹി: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി സര്‍വകലാശാലയില്‍ സീറ്റ് വര്‍ധിപ്പിക്കും. സര്‍വകലാശാല പ്രവേശന കമ്മിറ്റിയോഗത്തിലാണ് 2019-20 അധ്യയന വര്‍ഷം പത്ത് ശതമാനം സീറ്റ് വര്‍ധിപ്പിക്കാന്‍ ധാരണയായത്. 

25 ശതമാനം സീറ്റ് വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി രണ്ട് ഘട്ടമായാവും സീറ്റ് വര്‍ധിപ്പിക്കുകയെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. ഇത്തവണ പത്ത് ശതമാനവും അടുത്ത അധ്യയന വര്‍ഷം 15 ശതമാനവും സീറ്റ് വര്‍ധിപ്പിക്കും.

അതേസമയം അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ മാറ്റം വരുത്തില്ലെന്നും അധികമായി വരുന്ന വിദ്യാര്‍ഥികളെ നിലവിലുള്ള സൗകര്യങ്ങളില്‍ത്തന്നെ പ്രവേശിപ്പിക്കുമെന്നും സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല 2019-20 അധ്യയന വര്‍ഷം മുതല്‍ 25 ശതമാനം സീറ്റ് വര്‍ധിപ്പിക്കുമെന്ന് അറിയിച്ചിരുന്നു.

Content Highlights: Delhi University Admission 2019: Ten percent increase in seats for EWS to be implemented this year