ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല(ഡി.യു.)യുടെ അവസാനവര്‍ഷ ബിരുദപരീക്ഷ ഓണ്‍ലൈനായി ഓപ്പണ്‍ബുക്ക് രീതിയില്‍ നടത്താന്‍ ഉപാധികളോടെ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കി. തിങ്കളാഴ്ച മുതല്‍ പരീക്ഷ ആരംഭിക്കും.

ചോദ്യപ്പേപ്പറുകള്‍ വിദ്യാര്‍ഥികളുടെ ഇ-മെയില്‍ വിലാസത്തിലേക്ക് നല്‍കുകയും സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുകയും വേണമെന്ന് ജസ്റ്റിസ് പ്രതിഭാ എം. സിങ് നിര്‍ദേശിച്ചു. ഉത്തരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ ഒരു മണിക്കൂര്‍കൂടി അധികം അനുവദിക്കണം. ഉത്തരക്കടലാസുകള്‍ ലഭിച്ചാല്‍ അത് ഇ-മെയില്‍ വഴി വിദ്യാര്‍ഥികളെ അറിയിക്കണമെന്നും നിര്‍ദേശിച്ചു.

നോഡല്‍ ഓഫീസറെക്കുറിച്ചുള്ള വിവരവും ഇ-മെയില്‍ വിലാസവും സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. കൂടാതെ ഓപ്പണ്‍ബുക്ക് രീതിയില്‍ പരീക്ഷയെഴുതാനുള്ള അടിസ്ഥാനസൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സേവനം ഒരുക്കാന്‍ സജ്ജമാക്കിയ കോമണ്‍ സര്‍വീസ് സെന്ററിനോട് പരീക്ഷ നടക്കാന്‍ പോകുന്ന വിവരം അവരുടെ സെന്ററുകളെ അറിയിക്കാനും ആവശ്യപ്പെട്ടു.

Content Highlights: Delhi HC nod for DU's online Open Book Exams