ന്യൂഡല്‍ഹി: കല്പിത സര്‍വകലാശാലകള്‍ വിദൂര വിദ്യാഭ്യാസരീതിയില്‍ എന്‍ജിനീയറിങ് കോഴ്‌സുകള്‍ നടത്തരുതെന്ന് സുപ്രീംകോടതി. എന്‍ജിനീയറിങ് കോഴ്‌സുകളുടെ നട്ടെല്ലാണ് പ്രാക്ടിക്കലെന്നും വിദൂരവിദ്യാഭ്യാസം അനുവദിക്കരുതെന്നാണ് എ.ഐ.സി.ടി.ഇ.യുടെ നിലപാടെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസമേഖല ശക്തിപ്പെടുത്താനുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ ഒരു മാസത്തിനകം മൂന്നംഗ വിദഗ്ധ സമിതിയുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദേശവും നല്‍കി.

അടുത്ത അക്കാദമിക വര്‍ഷം മുതല്‍ ബന്ധപ്പെട്ട അധികൃതരില്‍നിന്ന് അനുമതിയില്ലാതെ വിദൂര മാതൃകയില്‍ ഒരു കോഴ്‌സും കല്പിതസര്‍വകലാശാലകള്‍ നടത്തരുത്. ഓരോ കോഴ്‌സുകള്‍ക്കും പ്രത്യേകം അനുമതി നേടിയിരിക്കണം. വിദൂര മാതൃകയില്‍ എന്‍ജിനീയറിങ് അനുവദിക്കരുതെന്ന എ.ഐ.സി.ടി.ഇ. നിലപാട് അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അതിനാല്‍ എ.ഐ.സി.ടി.ഇ.യുടെ മാര്‍ഗരേഖയില്ലാതെ എന്‍ജിനീയറിങ്ങിന് വിദൂര കോഴ്‌സുകള്‍ക്ക് അനുമതി നല്‍കാനാവില്ലെന്നും ജസ്റ്റിസുമാരായ എ.കെ. ഗോയല്‍, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കല്പിത സര്‍വകലാശാലകള്‍ 'സര്‍വകലാശാല' എന്ന വാക്ക് ഉപയോഗിക്കുന്നത് തടയാന്‍ ഒരുമാസത്തിനകം നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു.

മൂന്ന് കല്പിത സര്‍വകലാശാലകള്‍ 2001-നും 2005-നുമിടയ്ക്ക് വിദൂര കോഴ്‌സുകള്‍ വഴി നല്‍കിയ എന്‍ജിനീയറിങ് ബിരുദവും സുപ്രീംകോടതി റദ്ദാക്കി. ജെ.ആര്‍.എന്‍. രാജസ്ഥാന്‍ വിദ്യാപീഠ്, രാജസ്ഥാനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ എജുക്കേഷന്‍, അലഹാബാദ് അഗ്രിക്കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയുടെ ബിരുദമാണ് റദ്ദാക്കിയത്. പ്രസ്തുത വിദ്യാര്‍ഥികള്‍ എ.ഐ.സി.ടി.ഇ.യുടെയും യു.ജി.സി.യുടെയും സംയുക്ത മേല്‍നോട്ടത്തില്‍ നടത്തുന്ന പരീക്ഷ പാസാകുന്നതുവരെയാണ് അവരുടെ ബിരുദം സസ്‌പെന്‍ഡ് ചെയ്തത്. ഈ പരീക്ഷ ജയിക്കാന്‍ രണ്ട് അവസരങ്ങള്‍ നല്‍കും.

ഉന്നത വിദ്യാഭ്യാസരംഗത്തെ വിവിധ വിഷയങ്ങള്‍ പരിശോധിച്ച് വിശദമായ മാര്‍ഗരേഖ തയ്യാറാക്കാന്‍ കേന്ദ്രം മൂന്നംഗ സമിതിയുണ്ടാക്കണം. വിദ്യാഭ്യാസം, അന്വേഷണം, ഭരണം എന്നീ രംഗങ്ങളിലെ പ്രമുഖരെ ഉള്‍പ്പെടുത്തിയുണ്ടാക്കുന്ന കമ്മിറ്റി ആറു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. കല്പിത സര്‍വകലാശാലകളെ നിയന്ത്രിക്കാനുള്ള മേല്‍നോട്ടസംവിധാനവും സമിതി നിര്‍ദേശിക്കണം. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഒരു മാസത്തിനകം സര്‍ക്കാര്‍ പരിഗണിക്കണമെന്നും വ്യക്തമാക്കിയ കോടതി ഈ വിഷയം അടുത്തവര്‍ഷം സെപ്റ്റംബര്‍ 11-ന് പരിശോധിക്കുമെന്നും വ്യക്തമാക്കി.
 
Content highlights: Deemed Universities, Distance engineering courses, Supreme Court, University Grants Commission, UGC, Distance Education Council, DEC, All India Council for Technical Education, AICTE