ആലപ്പുഴ: പൊതുഗതാഗതം പുനരാരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ബിരുദ പരീക്ഷകള്‍ നടത്താനുള്ള കേരള സര്‍വകലാശാലയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.

പരീക്ഷ മുന്‍ നിശ്ചയിച്ച പ്രകാരം നടത്തുകയാണെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് വീടിന് സമീപമുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതാന്‍ അവസരം നല്‍കണം. എന്നാല്‍, പൊതുഗതാഗതം സുഗമമാകുന്നത് വരെ പരീക്ഷ മാറ്റിവയ്ക്കുന്നതായിരിക്കും ഉചിതമെന്ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.

കേരള സര്‍വകലാശാല രജിസ്ട്രാറും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഇക്കാര്യം പരിശോധിച്ച് പരാതിക്ക് പരിഹാരം കാണണം. മൂന്നാഴ്ചക്കകം ഇരുവരും റിപ്പോര്‍ട്ട് നല്‍കണം. സംസ്ഥാനത്തെ മറ്റ് സര്‍വകലാശാലകളും ഉത്തരവ് പാലിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.

ചേര്‍ത്തല സെയ്ന്റ് മൈക്കിള്‍സ് കോളേജ് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. വിദൂരസ്ഥലങ്ങളില്‍ താമസിക്കുന്ന തങ്ങള്‍ക്ക് പൊതുഗതാഗതമില്ലാതെ കോളേജിലെത്തി പരീക്ഷ എഴുതാന്‍ കഴിയില്ലെന്നാണ് പരാതി.

ബസ്, ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുന്നതിനെ കുറിച്ച് സര്‍ക്കാരുകള്‍ ആലോചിക്കാത്ത സാഹചര്യത്തില്‍ പരീക്ഷാ തീയതി പ്രഖ്യാപിച്ചത് പ്രായോഗികമല്ലെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.

Content Highlights: Declaration on Kerala University exams should be reconsidered says state human rights commission, Lockdown, Covid-19