ന്യൂഡൽഹി: അവസാനവർഷ പരീക്ഷകൾ നടത്താനുള്ള യു.ജി.സിയുടെ തീരുമാനം വിദ്യാർഥികളുടെ ഭാവിയെക്കരുതിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാൽ. പരീക്ഷകൾ ഓൺലൈനായോ ഓഫ്ലൈനായോ രണ്ടും ഇടകലർത്തിയോ നടത്താൻ സർവകലാശാലകൾക്ക് തീരുമാനിക്കാനുള്ള അനുമതി നൽകിയിട്ടുണ്ടെന്നും വൈസ് ചാൻസലർമാരുമായുള്ള സംവാദത്തിനിടെ മന്ത്രി പറഞ്ഞു.

അവസാനവർഷ ബിരുദ പരീക്ഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ജൂലായ് ആറിനാണ് യു.ജി.സി പ്രസിദ്ധീകരിച്ചത്. സെപ്റ്റംബർ അവസാനത്തോടെ പരീക്ഷകൾ നടത്തണമെന്നാണ് നിർദേശം. പരീക്ഷകൾ ഉപേക്ഷിക്കാനാവില്ലെന്ന് കമ്മിഷൻ സുപ്രീംകോടതിയിലും വ്യക്തമാക്കിയിരുന്നു.

പുതിയ വിദ്യാഭ്യാസനയം ആഗോളതലത്തിൽ ഇന്ത്യയുടെ നേതൃസ്ഥാനം ശക്തിപ്പെടുത്തുമെന്ന് പൊഖ്രിയാൽ പറഞ്ഞു. 2035-ഓടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗോസ് എൻ​റോൾമെന്റ് റേഷ്യോ 50 ശതമാനം ഉയർത്തണമെന്നാണ് പുതിയ വിദ്യാഭ്യാസനയം ശുപാർശ ചെയ്യുന്നത്. മൂന്നരക്കോടി വിദ്യാർഥികളെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് നമുക്ക് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Ramesh Pokhriyal: Decision To Conduct Final Year Exams To Protect Students' Future