ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച സ്‌കൂളുകളും കോളേജുകളും വീണ്ടും തുറക്കുന്നതു സംബന്ധിച്ച കാര്യത്തില്‍ തീരുമാനം ഏപ്രില്‍ 14-നെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍. പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാലയളവ് ഏപ്രില്‍ 14-നാണ് അവസാനിക്കുന്നത്.

വിഷയത്തില്‍ നിലവില്‍ സര്‍ക്കാരിന് തീരുമാനങ്ങളെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം ഏപ്രില്‍ 14-ന് തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. അനുകൂലമല്ലാത്ത സാഹചര്യത്തില്‍ കൂടുതല്‍ ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്‌കൂളുകളും കോളേജുകളും അടച്ചിടേണ്ടിവന്നാലും വിദ്യാര്‍ഥികള്‍ക്ക് പഠിപ്പു മുടങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. 'സ്വയം' പ്ലാറ്റ്‌ഫോമിലുള്‍പ്പടെ ഓണ്‍ലൈന്‍ പഠനത്തിനായി വിവിധ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സി.ബി.എസ്.ഇയും വിവിധ സംസ്ഥാന സര്‍ക്കാരുകളും ബോര്‍ഡ് പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. വിവിധ മത്സരപരീക്ഷകളും റിക്രൂട്ട്‌മെന്റ് നടപടികളും മാറ്റിയിട്ടുണ്ട്.

Content Highlights: Decision on reopening schools, colleges to be taken on April 14, says HRD minister