കൊച്ചി: കോഴിക്കോട് കെ.എം.സി.ടി. കോളേജ് ഹാജരാക്കുന്ന ഓഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റിന്റെ അടിസ്ഥാനത്തിൽ സ്വാശ്രയ മെഡിക്കൽ ഫീസ് നിയന്ത്രിക്കാൻ ഹൈക്കോടതി നിർദേശിച്ചു. അതിനായി ഓഡിറ്റ് ചെയ്ത കണക്കുപുസ്തകം, ലെഡ്ജറുകൾ, ബാങ്ക് അക്കൗണ്ട്, ടാക്സ് റിട്ടേൺ രേഖകൾ തുടങ്ങിയവ ഫീസ് നിയന്ത്രണസമിതി ആവശ്യപ്പെടേണ്ടതില്ല.

സമിതിക്ക് ലഭിക്കുന്ന രേഖകളിൽ സംശയദൂരീകരണം സാധ്യമാണെന്നും ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.

2020-'21 അധ്യയനവർഷം തുടങ്ങുംമുമ്പ് 50 ശതമാനം സീറ്റിലേക്കുള്ള ഫീസ് മാർഗരേഖ തയ്യാറാക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കെ.എം.സി.ടി. ട്രസ്റ്റി ഡോ. കെ.എം. നവാസ് നൽകിയ ഹർജിയിലാണ് ഉത്തരവ്.

ഫീസ് നിയന്ത്രണം ഏതുവിധത്തിൽ വേണമെന്ന് മുൻ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

അതുപ്രകാരം ഓഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റിന്റെ അടിസ്ഥാനത്തിലുള്ള ഫീസ് മാർഗരേഖ സംബന്ധിച്ച റിപ്പോർട്ട് ഫെബ്രുവരി ഒമ്പതിനകം സമിതി സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

Content Highlights: Decision on Medical Fees hike must be based on college balance sheet says Kerala High court