കൊച്ചി: എം.ബി.ബി.എസ്. പ്രവേശനാനുമതിനിഷേധം സംബന്ധിച്ച് മെഡിക്കല്‍ കോളേജുകളുടെ വാദംകൂടി കേട്ട് തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. തങ്ങളെ കേള്‍ക്കാതെയാണ് അനുമതി നിഷേധിച്ചതെന്നുകാണിച്ച് നാലുമെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണിത്.

വയനാട് ഡി.എം. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, തൊടുപുഴ അല്‍ അസര്‍, പാലക്കാട് കേരള മെഡിക്കല്‍ കോളേജ്, അടൂര്‍ മൗണ്ട് സിയോണ്‍ എന്നിവയാണ് ഹര്‍ജിക്കാര്‍. പ്രവേശനാനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുനപ്പരിശോധിക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവുണ്ടെന്നതുകൂടി വിലയിരുത്തിയാണിത്.

എം.ബി.ബി.എസ്. കോഴ്‌സ് നടത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യമില്ലെന്ന ദേശീയമെഡിക്കല്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പ്രവേശനാനുമതി നിഷേധിച്ചത്.