തിരുവനന്തപുരം: മുന്‍ എം.പി. പി.കെ. ബിജുവിന്റെ ഭാര്യ ഡോ. വിജി വിജയന്റെ ഗവേഷണ പ്രബന്ധത്തില്‍ മറ്റു പ്രബന്ധങ്ങളിലെ ഡേറ്റ അനധികൃതമായി പകര്‍ത്തിയെന്ന പരാതിക്കു പിന്നാലെ കൂടുതല്‍ പ്രൊഫസര്‍മാര്‍ക്കെതിരേയും പരാതി.

ഡോ. വിജിയുടെ ഗവേഷണ ഗൈഡ് അടക്കമുള്ള മുതിര്‍ന്ന അധ്യാപകര്‍ ഇത്തരത്തില്‍ ഡേറ്റ തിരിമറി നടത്തിയതായി സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും യു.ജി.സി.ക്കും പരാതി നല്‍കി.

വിജി വിജയന്റെ ഗവേഷണ ഗൈഡും സര്‍വകലാശാലാ സെനറ്റംഗവുമായ അധ്യാപിക, വിജിയെ സര്‍വകലാശാലയില്‍ നിയമിക്കുന്നതിനുള്ള സെലക്ഷന്‍ കമ്മിറ്റിയിലെ അംഗമായ ബയോ കെമിസ്ട്രി അധ്യാപിക, വിജി വിജയനോടൊപ്പം കേരള സര്‍വകലാശാലയില്‍ നിയമിതനായ അസിസ്റ്റന്റ്് പ്രൊഫസര്‍ എന്നിവരുടെ ഗവേഷണ പ്രസിദ്ധീകരണങ്ങളില്‍ ഇത്തരം ഡേറ്റ തട്ടിപ്പുകളുണ്ടെന്ന് കാട്ടിയാണ് പരാതി.

തെളിവുകള്‍ അടക്കമാണ് പരാതി നല്‍കിയതെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാര്‍, സെക്രട്ടറി എം. ഷാജര്‍ ഖാന്‍ എന്നിവര്‍ അറിയിച്ചു.

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പകര്‍ത്തലിനെക്കുറിച്ച് ആരോപണങ്ങളുയര്‍ന്നപ്പോള്‍ പ്രബന്ധങ്ങളിലെ തെറ്റുകള്‍ മനസ്സിലാക്കാനുള്ള മാര്‍ഗമായാണ് പബ് പിയറിനെ താന്‍ കണ്ടിട്ടുള്ളതെന്ന വാദവുമായി വിജി വിജയന്‍ മുന്നോട്ടുവന്നിരുന്നു.

തന്റേതില്‍ മാത്രമല്ല മറ്റു പലരുടെയും പ്രബന്ധങ്ങളില്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നുകൂടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടപ്പോഴാണ് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി മറ്റ് അധ്യാപകരുടെ പ്രബന്ധങ്ങള്‍കൂടി പബ് പിയര്‍ വഴി പരിശോധിച്ചത്.

Content Highlights: Data fraud in Kerala University professors' dissertations; Complaint given to the Governor