കോഴിക്കോട്: സമാനമായ കോഴ്‌സുകള്‍ പലതും അധ്യയനവര്‍ഷം തുടങ്ങി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടും സംസ്ഥാനത്ത് പ്രൈമറി അധ്യാപക നിയമനത്തിനുള്ള യോഗ്യതയായ ഡി.എല്‍.എഡ്. കോഴ്‌സ് പ്രവേശന നടപടികള്‍പോലും പൂര്‍ത്തിയായിട്ടില്ല. വിജ്ഞാപനം നടത്തി അപേക്ഷകള്‍ സ്വീകരിച്ചുവെന്നതൊഴിച്ചാല്‍ 101 ഗവണ്‍മെന്റ്- എയ്ഡഡ് കോളേജുകളിലെ 750-ഓളം സീറ്റുകളില്‍ പ്രവേശം കാത്തിരിക്കുന്നവര്‍ ത്രിശങ്കുവില്‍. പഴയ ടി.ടി.സി.ക്കു പകരമായി രണ്ടുവര്‍ഷം മുമ്പ് സംസ്ഥാന വിദ്യാഭ്യാസവകുപ്പ് ആവിഷ്‌കരിച്ച കോഴ്‌സാണിത്.
ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ (ഡി.എല്‍.എഡ്.) ദ്വിവത്സര കോഴ്‌സിന് ഓഗസ്റ്റ് 27-നാണ് അപേക്ഷ ക്ഷണിച്ചത്. സെപ്റ്റംബര്‍ 30-നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് വിജ്ഞാപനത്തില്‍ത്തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുവരെ തുടര്‍നടപടികളൊന്നുമുണ്ടായില്ല. പ്ലസ്ടു മിനിമം യോഗ്യതയായതിനാല്‍ ധാരാളം അപേക്ഷകരുണ്ട്. 120 സ്വാശ്രയസ്ഥാപനങ്ങളിലും സംസ്ഥാനത്ത് ഈ കോഴ്‌സുണ്ട്.
ബി.എഡ്., ജനറല്‍ നഴ്‌സിങ്, ബി.എസ്‌സി. നഴ്‌സിങ്, ബിരുദ ഡിപ്ലോമ കോഴ്‌സുകള്‍ പ്രവേശനം പൂര്‍ത്തിയാക്കി ക്ലാസുകള്‍ ആരംഭിച്ചിട്ട് മാസങ്ങളായി. ഓണ്‍ലൈനിലും പല കോഴ്‌സുകള്‍ക്കും ക്ലാസുകള്‍ നടക്കുന്നു. ഡി.എല്‍.എഡിനും പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ക്ലാസ് ആരംഭിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് ഒരുവര്‍ഷം നഷ്ടപ്പെടുമെന്ന് അപേക്ഷകര്‍ക്ക് ആശങ്കയുണ്ട്.
സ്വാശ്രയ സ്ഥാപനങ്ങളില്‍ പലയിടത്തും അനൗദ്യോഗികമായി ഓണ്‍ലൈന്‍ പഠനം തുടങ്ങിയിട്ടുണ്ട്. അവിടങ്ങളില്‍ പകുതി മാനേജ്‌മെന്റ് സീറ്റുകള്‍ ആയതിനാല്‍ സര്‍ക്കാര്‍ കോളേജുകളിലെപ്പോലെ പൂര്‍ണമായി അനിശ്ചിതത്വമില്ല. പ്രവേശനം നല്‍കി പിന്നീട് ക്രമപ്പെടുത്താമെന്ന രീതിയാണ് അവിടത്തേത്.
മുന്നാക്കസംവരണത്തില്‍ തട്ടിയാണ് പ്രശ്‌നം നീളുന്നതെന്നാണ് ഡി.പി.ഐ. വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന സൂചന. സര്‍ക്കാരില്‍ നിന്ന് ഇതുസംബന്ധിച്ച വ്യക്തമായ ഉത്തരവ് ലഭിച്ചിട്ടില്ലത്രേ. ജില്ലകളിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് പി.എസ്.സി.യാണ് സംവരണ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തേണ്ടത്. ഡി.ഡി.യാണ് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടത്. കോവിഡ് മൂലം പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്ന നടപടി തന്നെ വൈകിയിരുന്നു. ഇപ്പോള്‍ പ്രവേശം മാസങ്ങള്‍ നീളുമ്പോള്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്.
Content Highlights: D.El.Ed admission process remains stagnant, students under pressure