ന്യൂഡല്‍ഹി: നീറ്റ് പി.ജി. സൂപ്പര്‍സ്‌പെഷ്യാലിറ്റി സിലബസില്‍ അവസാനനിമിഷം മാറ്റംവരുത്തിയതിന് കേന്ദ്രത്തെയും ദേശീയ പരീക്ഷാബോര്‍ഡിനെയും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. മെഡിക്കല്‍ വിദ്യാഭ്യാസവും പ്രവേശന പരീക്ഷകളും ബിസിനസ് മാത്രമായി മാറിയെന്നും സ്വകാര്യകോളജുകളിലെ സീറ്റുകള്‍ നിറയ്ക്കാനാണ് അവസാനനിമിഷം സിലബസ് മാറ്റിയതെന്ന് തോന്നുന്നതായും ബെഞ്ച് പറഞ്ഞു. കേസില്‍ ബുധനാഴ്ചയും വാദം തുടരും.

നവംബറില്‍ നടക്കുന്ന പരീക്ഷയുടെ സിലബസില്‍ മാറ്റംവരുത്തിയത് ഓഗസ്റ്റില്‍ മാത്രമാണ്. വിദ്യാര്‍ഥികള്‍ കോടതിയിലെത്തിയതോടെ പരീക്ഷ ജനുവരിയിലേക്ക് മാറ്റി. ഇതു രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് നല്ലതല്ല. സിലബസ് മാറ്റാന്‍ എന്തായിരുന്നു തിടുക്കമെന്നും അത് അടുത്തവര്‍ഷത്തേക്ക് മാറ്റിവെക്കാമായിരുന്നില്ലേയെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

പുതിയ സിലബസ് പ്രകാരം സൂപ്പര്‍ സ്‌പെഷ്യാലിറ്റി പ്രവേശനപരീക്ഷയുടെ നൂറു ശതമാനം ചോദ്യങ്ങളും ജനറല്‍ മെഡിസിനില്‍ നിന്നാണ്. നേരത്തേ ഇത് 60 ശതമാനം സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സില്‍നിന്നും ബാക്കി ജനറല്‍ വിഭാഗത്തില്‍നിന്നുമായിരുന്നു. സര്‍ക്കാര്‍ കോളേജുകളിലല്ല സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്. അതിനാല്‍ സ്വകാര്യ കോളേജുകളിലെ സീറ്റു നിറയ്ക്കാനാണ് ഈ നീക്കമെന്ന് തോന്നുന്നതായും കോടതി പരാമര്‍ശിച്ചു.

ദേശീയ പരീക്ഷാ ബോര്‍ഡ് (എന്‍.ബി.ഇ.), ദേശീയ മെഡിക്കല്‍ കമ്മിഷന്‍ (എന്‍.എം.സി.) എന്നിവരുടെ നടപടികളെയാണ് സുപ്രീംകോടതി വിമര്‍ശിച്ചത്.

ജനറല്‍ മെഡിസിന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഗുണം ലഭിക്കുംവിധം സിലബസില്‍ മാറ്റംവരുത്തിയത് ചോദ്യംചെയ്ത് 41 പി.ജി. ഡോക്ടര്‍മാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. സിലബസില്‍ മാറ്റം വരുത്തിക്കൊണ്ട് ഓഗസ്റ്റ് 31ന് ഇറക്കിയ ബുള്ളറ്റിന്‍ ചോദ്യംചെയ്താണ് ഹര്‍ജി.

Content Highlights: Criticism of the Supreme Court for changing the NEET syllabus