കോഴിക്കോട്:  വീട്ടിലിരുന്നുള്ള ഓണ്‍ലൈന്‍ പഠനം സര്‍ഗാത്മകമാക്കാന്‍ കോഴിക്കോട് ഡയറ്റ് സംഘടിപ്പിക്കുന്ന 'കല,കുട്ടി,കുടുംബം'പദ്ധതിക്ക് തുടക്കമായി.   ഉദ്ഘാടനവും ഓണപ്പാട്ടുകളുടെ  വീഡിയോ പ്രകാശനവും പൊതു വിദ്യാഭ്യാസ മന്ത്രി  വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പാള്‍ വി.വി. പ്രേമരാജന്‍ അധ്യക്ഷനായിരുന്നു. ഡയറ്റ് പി.എസ്.ടി.ഇ കലാവിദ്യാഭ്യാസ വിഭാഗമാണ് നൂതനമായ പദ്ധതിക്ക് പിന്നില്‍. പ്രീ പ്രൈമറി മുതല്‍ ഹൈസ്‌ക്കൂള്‍ വരെയുളള കുട്ടികള്‍ക്കായ് കലാധിഷ്ഠിതമായ പഠന സാധ്യതകള്‍ പ്രയോജനപ്പെടുത്തി പഠന വിഭവങ്ങള്‍ തയ്യാറാക്കും.

കൂട്ടികള്‍ കൂടുതല്‍ സമയം   ഫോണ്‍ ഉപയോഗിക്കുന്നത് കുറച്ച്, സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍   പങ്കാളികളാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഡയറ്റ് കലാവിദ്യാഭ്യാസ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ കലാധ്യാപക  കൂട്ടായ്മയുടെയും വിവിധ വിഷയത്തില്‍ വിദഗ്ധരായ അധ്യാപകരുടെയും സഹകരണത്തോടെയുമാണ് ഡിജിറ്റല്‍ പഠന സാമഗ്രികള്‍ നിര്‍മ്മിക്കുന്നത്.സംഗീതം, ചിത്രകല, നാടകം, നൃത്തം എന്നീ മേഖലകളിലുള്ള  പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് പങ്കാളികളാകാന്‍ പറ്റുന്ന രീതിയില്‍ ഡിജിറ്റല്‍ സാധ്യതയുപയോഗപ്പെടുത്തി ജില്ലയിലെ പ്രീ പ്രൈമറി മുതല്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായ് നല്‍കും.

പ്രീപ്രൈമറി, പ്രൈമറി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണപ്പാട്ടുകളും തയ്യാറാക്കിയിട്ടുണ്ട്. രമേശ് കാവില്‍ , യു.കെ രാഘവന്‍ എന്നിവരുടെ വരികള്‍ക്ക് പ്രേംകുമാര്‍ വടകര, സുനില്‍ തിരുവങ്ങൂര്‍ , നോബി ബെന്റെക്‌സ്, ആനന്ദ് കാവുംവട്ടം, ആര്‍ ശരത്, സന്തോഷ് നിസ്വാര്‍ത്ഥ എന്നിവര്‍ ഈണം നല്‍കി. ടൈറ്റില്‍ സോങ്ങിന്റെ ആശയവും സംഗീതവും ശിവദാസ് പൊയില്‍ക്കാവ് നിര്‍വഹിച്ചു. പി.സതീഷ് കുമാര്‍ ലോഗോ രൂപകല്‍പന ചെയ്തു. മന്‍സൂര്‍ ടി , മുഹമ്മദ് ബഷീര്‍ കെ എം ,ഹാരൂണ്‍ അല്‍ ഉസ്മാന്‍ എന്നിവര്‍ സാങ്കേതിക പിന്തുണ നല്‍കി

ഉദ്ഘാടന ചടങ്ങില്‍ ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.പി. മിനി ലോഗോയും എസ്.എസ്.കെ പ്രോജക്ട് കോഡിനേറ്റര്‍ ഡോ. എ.കെ അബ്ദുള്‍ ഹക്കീം ടൈറ്റില്‍ സോങ്ങും പ്രകാശനം ചെയ്തു. 'കല,കുട്ടി,കുടുംബം' കോഓഡിനേറ്ററും ഡയറ്റ് കലാവിദ്യാഭ്യാസ വിഭാഗം ലക്ചററുമായ മിത്തു തിമോത്തി പദ്ധതി വിശദീകരിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഡിനേറ്റര്‍ ബി.മധു , ഡയറ്റ് സീനിയര്‍ ലക്ചറര്‍ യു.കെ അബ്ദുന്നാസര്‍ സുമേഷ് എസ്.ജി എന്നിവര്‍ സംസാരിച്ചു. സീനിയര്‍ ലക്ചറര്‍മാരായ  ഡോ.ബാബു വര്‍ഗീസ് സ്വാഗതവും സാജു തോമസ് നന്ദിയും പറഞ്ഞു.

Content Highlights: Creative online classes for Students