ന്യൂഡൽഹി: കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ 2021-ലെ നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ്) മാറ്റിവെച്ചു. ജൂൺ 14-ന് നടത്താനിരുന്ന പരീക്ഷയാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റിവെച്ചത്. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ ഏഴിൽ നിന്ന് ജൂലായ് 15 വരെ നീട്ടിയിട്ടുമുണ്ട്. nestexam.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

'കോവിഡ്-19 രോഗബാധ മൂലമുള്ള അനിശ്ചിതത്വങ്ങൾ തുടരുന്ന സാഹചര്യത്തിൽ 2021-ലെ നെസ്റ്റ് പരീക്ഷ മാറ്റിവെക്കാൻ തീരുമാനിച്ചു. പുതിയ തീയതികൾ പരീക്ഷയ്ക്ക് മുൻകൂറായി അറിയിക്കും. പരീക്ഷയ്ക്കായി 2021 ജൂലൈ 15 വരെ വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം''- നെസ്റ്റ് ഔദ്യോഗിക വെബ്സൈറ്റിൽ അറിയിച്ചു.

ആറ്റമിക് എനർജി വകുപ്പിന്റെ രണ്ടു മുൻനിര ദേശീയസ്ഥാപനങ്ങളിൽ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം (അഞ്ചുവർഷം) പ്രവേശനത്തിന് നടത്തുന്ന പരീക്ഷയാണ് നെസ്റ്റ്.

Content Highlights: Covid-19 NEST exam postponed