തൃശ്ശൂര്‍: കേരള ആരോഗ്യ സര്‍വകലാശാലയുടെ മെഡിക്കല്‍ അവസാനവര്‍ഷ പരീക്ഷ അനിശ്ചിതത്വത്തില്‍. കോവിഡ് കാരണം പരീക്ഷ മാറ്റിവെച്ചത് അഞ്ചു തവണ. കൃത്യതയാര്‍ന്ന പരീക്ഷാ നടത്തിപ്പിന് കേള്‍വിേകട്ട കേരള ആരോഗ്യ സര്‍വകലാശാലയില്‍ പരീക്ഷാ നടത്തിപ്പ് ആശങ്കയിലാകുന്നത് ഇതാദ്യം. മറ്റ് മിക്ക സംസ്ഥാനങ്ങളിലും മെഡിക്കല്‍ അവസാന വര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ച് ഹൗസ് സര്‍ജന്‍സി തുടങ്ങി.

ഫെബ്രുവരിയില്‍ നടക്കേണ്ടിയിരുന്ന പരീക്ഷയാണ് കോവിഡ് മഹാമാരി കാരണം ഈ വര്‍ഷം മേയ് 10-ന് നിശ്ചയിച്ചിരുന്നത്.കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണ്‍ ദിനങ്ങളില്‍ ക്ലാസുകള്‍ മുടങ്ങിയതിനാലാണിത്.എന്നാല്‍, മേയ് 10-ന് നിശ്ചയിച്ചിരുന്ന പരീക്ഷ പിന്നീട് അഞ്ചു തവണ നീട്ടി. ഇപ്പോള്‍ ജൂണ്‍ രണ്ടാണ് തീയതി പറഞ്ഞിരിക്കുന്നതെങ്കിലും ലോക്ഡൗണ്‍ നീട്ടിയാല്‍ പരീക്ഷ വീണ്ടും നീളും. ലോക്ക്ഡൗണ്‍ കാരണം പരീക്ഷ പുനഃനിര്‍ണയിക്കേണ്ടി വരുന്നത് സ്വാഭാവികമാണെങ്കിലും ഓരോ ആഴ്ചയുടെ ഇടവേളകളില്‍ പരീക്ഷ പുനഃക്രമീകരിക്കുന്നത് വിദ്യാര്‍ഥികളെ മാനസിക സമ്മര്‍ദ്ദത്തില്‍ ആക്കിയിരിക്കുകയാണ്.

പരീക്ഷ എഴുതിയിട്ടു വേണം ഈ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സേവനത്തിന് ഇറങ്ങാന്‍. കേരളത്തിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ അവസ്ഥ ഇങ്ങനെ നില്‍ക്കേ മറ്റു മിക്ക സംസ്ഥാനങ്ങളിലും വിദ്യാര്‍ഥികള്‍ പരീക്ഷാഫലത്തിനു ശേഷം ഹൗസ് സര്‍ജന്‍സി ആരംഭിച്ച് കോവിഡ് പ്രവര്‍ത്തനത്തില്‍ പങ്കാളികളായിത്തുടങ്ങി. മഹാരാഷ്ട്രയിലാകട്ടെ, അഡീഷണല്‍ ബാച്ചിന്റെ പരീക്ഷ നടത്താനൊരുങ്ങുകയാണ്. കേരളത്തില്‍ മെഡിക്കല്‍ അവസാന വര്‍ഷ പരീക്ഷയുടെ തിയറി പരീക്ഷകള്‍ കഴിയാന്‍ രണ്ടര ആഴ്ചയെടുക്കും. പിന്നീട് പ്രാക്ടിക്കല്‍ പരീക്ഷയുമുണ്ട്. ലോക്ഡൗണ്‍ ആരംഭിച്ചതോടെ വിദ്യാര്‍ഥികള്‍ വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്.

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സര്‍വകലാശാലകളിലെപ്പോലെ കോവിഡ് വ്യാപനത്തിന്റെ തോത് വിലയിരുത്തി, ലോക്ഡൗണ്‍ അവസാനിച്ചതിനു ശേഷം ഒരു നിശ്ചിത തീയതിയിലേക്ക് ആരോഗ്യസര്‍വകലാശാലയും പരീക്ഷ പുനഃക്രമീകരിക്കുമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷ

Content Highlights: Medical final year exams postponed five times