തൃശ്ശൂര്‍: എം.ബി.ബി.എസ്. പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കുന്നവരുടെ നിര്‍ബന്ധിത പരിശീലനം സംബന്ധിച്ച സമഗ്രനിയമം യാഥാര്‍ഥ്യത്തിലേക്ക്. മേഖലയില്‍ നിലനില്‍ക്കുന്ന സംശയങ്ങള്‍ നീക്കുന്ന നിയമത്തിന്റെ കരട് ദേശീയ മെഡിക്കല്‍ കമ്മിഷന്‍ പുറത്തിറക്കി. പരിശീലനത്തിന്റെ കാലാവധി, സ്വഭാവം, ചാക്രികരീതി തുടങ്ങിയവ വിശദമായി പ്രതിപാദിക്കുന്നുമുണ്ട്.

മെഡിക്കല്‍ ബിരുദധാരിക്ക് ആരോഗ്യപരിപാലനത്തിനുള്ള നൈപുണ്യവും ചികിത്സയിലെ കാര്യക്ഷമതയും കൈവരുത്തുകയെന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. ഇത് നിര്‍ബന്ധമായും വിദഗ്ദ്ധരുടെ മേല്‍നോട്ടത്തിലാകണം.

പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്വതന്ത്രമായ പ്രാഥമികശുശ്രൂഷയ്ക്കുള്ള ശേഷിയുണ്ടാകും. ഒരുവര്‍ഷക്കാലാവധിയില്‍ ചാക്രിക സ്വഭാവത്തിലുള്ളതാണ് പരിശീലനം. അടിസ്ഥാനപരീക്ഷ ജയിച്ചവര്‍ എത്രയുംവേഗം പഠനം നടത്തിയ സ്ഥാപനങ്ങളില്‍ത്തന്നെയാണ് പരിശീലനം നടത്തേണ്ടത്. ജയിച്ച് രണ്ടുവര്‍ഷത്തിനകം ഇത് പൂര്‍ത്തിയാക്കണമെന്നും നിബന്ധനയുണ്ട്. ഇതിന് ചേരുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ബന്ധപ്പെട്ട സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകളില്‍ താത്കാലിക രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. സായുധസേന മെഡിക്കല്‍ സര്‍വീസിലെ ഒരുവര്‍ഷത്തെ അംഗീകൃതസേവനം സമാനമായി കരുതും.

വിദേശത്ത് ബിരുദം കഴിഞ്ഞെത്തുന്നവര്‍ക്കും ബന്ധപ്പെട്ട നിയമം അനുശാസിക്കുന്നവിധത്തിലുള്ള പരിശീലനം നിര്‍ബന്ധമാണ്. പരിശീലന കാലയളവില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കാനും പ്രാക്ടീസ് നടത്താനും പാടില്ല. അതുപോലെ അധ്യാപനത്തിനും അനുമതിയില്ല.

Content Highlights: Compulsory training of MBBS students