തൃശ്ശൂര്‍: മെഡിക്കല്‍ ബിരുദക്കാരുടെ ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനത്തില്‍ ആയുഷ് വിഭാഗങ്ങളെക്കൂടി ചേര്‍ക്കുന്നതില്‍ എതിര്‍പ്പ് ശക്തമാകുന്നു. ഡോക്ടര്‍മാരുടെ സംഘടനകള്‍ക്കു പുറമേ, ദേശീയ മെഡിക്കല്‍ കമ്മിഷന്‍ അംഗവും കരട് നിയമത്തോട് വിയോജിച്ചുകഴിഞ്ഞു. അനിവാര്യമായ പല വിഭാഗങ്ങളെയും വിട്ടുകളഞ്ഞ് ഒരു പ്രയോജനവുമില്ലാത്ത വിഭാഗത്തെ ഉള്‍പ്പെടുത്തിയെന്നാണ് പ്രധാന ആക്ഷേപം.

കഴിഞ്ഞയാഴ്ചയാണ് ഇതു സംബന്ധിച്ച മാനദണ്ഡങ്ങളുടെ കരട് ദേശീയ മെഡിക്കല്‍ കമ്മിഷന്‍ പ്രസിദ്ധീകരിച്ചത്. 17 വിഭാഗങ്ങളിലാണ് നിര്‍ബന്ധിത പരിശീലനം പറയുന്നത്. ഇതില്‍ അവസാനത്തെ ഒരാഴ്ചയാണ് ആയുഷ് നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍, അലോപ്പതിചികിത്സയില്‍ ഏറെ പ്രധാന്യമുള്ള കമ്മ്യൂണിറ്റി സൈക്യാട്രി, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ വിഭാഗങ്ങളെ പരിഗണിച്ചിട്ടേയില്ലെന്നാണ് വിമര്‍ശം. കരട് സംബന്ധിച്ചുള്ള അഭിപ്രായം അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുള്ള ശ്രമങ്ങളാണ് എതിര്‍പ്പുയര്‍ത്തുന്നവര്‍ നടത്തുന്നത്.

കേന്ദ്രസര്‍ക്കാര്‍ പരമ്പരാഗത ചികിത്സാസമ്പ്രദായങ്ങളെ സംരക്ഷിക്കുംവിധത്തില്‍ സങ്കരവൈദ്യത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന കുറ്റപ്പെടുത്തല്‍ അടുത്തകാലത്ത് കൂടുതലായിട്ടുണ്ട്. ആയുഷ് വിഭാഗക്കാര്‍ക്ക് ശസ്ത്രക്രിയയില്‍ പരിശീലനം നല്‍കാനുള്ള നീക്കവും വലിയ എതിര്‍പ്പുണ്ടാക്കിയിരുന്നു.

എതിര്‍പ്പുമായി ഐ.എം.എ.

ന്യൂഡല്‍ഹി: അലോപ്പതി മെഡിസിന്‍ ബിരുദവിദ്യാര്‍ഥികള്‍ക്ക് കോഴ്‌സിന്റെ അവസാനം ഒരാഴ്ച ആയുഷ് പരിശീലനം ഏര്‍പ്പെടുത്തുന്നതിനെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) രംഗത്ത്.

കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സ്ഥാപിത മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധവും വിവിധ ചികിത്സാരീതികള്‍ തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്ന(മിക്‌സോപ്പതി)രീതിക്ക് തുടക്കം കുറിക്കാനുള്ള ശ്രമവുമാണെന്ന് സംഘടന ആരോപിച്ചു. ആധുനിക വൈദ്യശാസ്ത്രത്തില്‍ പരിശീലനം നേടിയ ഒരു വിദ്യാര്‍ഥി താന്‍ പഠിച്ചിട്ടില്ലാത്ത വൈദ്യരീതിയില്‍ പങ്കാളിയാകുന്നത് വിവേകശൂന്യമാണെന്ന് ഐ.എം.എ. ദേശീയ ആരോഗ്യ കമ്മിഷന് (എന്‍.എം.സി.) അയച്ച കത്തില്‍ പറയുന്നു.

Content Highlights: Compulsory ayush education for MBBS Students, decision becomes Controversial