തൃശ്ശൂര്‍: സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ഓണ്‍ലൈന്‍ ക്ലാസുകളില്‍ പുറത്തുനിന്നുള്ളവരുടെ നുഴഞ്ഞുകയറ്റം സംബന്ധിച്ച് പരാതികള്‍ വര്‍ധിക്കുന്നു. സൈബര്‍ പോലീസില്‍ പരാതി ലഭിച്ചത് കൊല്ലത്ത് മാത്രമാണെങ്കിലും മിക്ക ജില്ലകളിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്.

തൃശ്ശൂര്‍ ജില്ലയില്‍ മൂന്ന്, കോഴിക്കോട് എട്ട്, കണ്ണൂരില്‍ രണ്ട്, തിരുവനന്തപുരത്ത് നാല് എന്നിങ്ങനെ സ്‌കൂളുകളില്‍നിന്ന് ഇത്തരം പരാതികള്‍ ഉണ്ടായിട്ടുണ്ട്. മറ്റ് ചില ജില്ലകളില്‍ ഓരോ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കൊല്ലം ഒഴികേയുള്ള ജില്ലകളില്‍ പ്രശ്‌നം സൈബര്‍ വിദഗ്ധരെ അറിയിച്ച് പരിഹാരം തേടുകയാണുണ്ടായത്.

എടുക്കാവുന്ന പ്രാഥമിക ജാഗ്രത അറിയുന്നതോടെ പ്രശ്‌നം ആ സ്‌കൂളില്‍തന്നെ അവസാനിക്കുകയാണ്.

ഇക്കൊല്ലം ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് കഴിഞ്ഞവര്‍ഷവും ഇതുണ്ടായിരുന്നു എന്ന കാര്യം പുറത്തുവന്നത്. കഴിഞ്ഞവര്‍ഷം ഓണ്‍ലൈനിലൂടെ ലൈവ് ക്ലാസുകള്‍ നടന്ന സ്‌കൂളുകളില്‍ ഭൂരിഭാഗവും സി.ബി.എസ്.ഇ. സിലബസില്‍പെട്ടവയായിരുന്നു.

സംസ്ഥാനത്ത് ഇത്തരത്തില്‍ 18 പരാതികള്‍ വിവിധ സ്‌കൂളുകളില്‍നിന്ന് ഉണ്ടായിരുന്നു. സ്‌കൂളുകളില്‍തന്നെ ഇത് ഒതുക്കിത്തീര്‍ക്കുകയായിരുന്നു.

ഓണ്‍ലൈന്‍ ക്ലാസിനായി കുട്ടികള്‍ക്ക് നല്‍കുന്ന മീറ്റിങ് ലിങ്ക് ചോരുന്നതാണ് നുഴഞ്ഞുകയറ്റത്തിന് ഇടയാക്കിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഒരു കുട്ടിയുടെയും ഒരു അധ്യാപികയുടെയും വാട്‌സ്ആപ്പിലേക്ക് സ്‌പൈവേറായി സന്ദേശം അയച്ച് ലിങ്ക് ചോര്‍ത്തിയെടുത്ത സംഭവവും ഉണ്ടായി. ഇതോടെ സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിക്കുകയാണ് സര്‍ക്കാര്‍.

സുരക്ഷയ്ക്ക് എന്തുചെയ്യാം?

കോവിഡിനു മുമ്പ് സ്‌കൂള്‍ മതിലിനുള്ളില്‍ കുട്ടി പ്രവേശിച്ചുകഴിഞ്ഞാല്‍ പൂര്‍ണ ഉത്തരവാദിത്വം സ്‌കൂളിനായിരുന്നു. അന്ന് ക്ലാസ് നടക്കുമ്പോള്‍ ഒരാള്‍ പുറത്തുനിന്നെത്തി അതിക്രമം കാണിക്കുന്നതിന് സമാനമായ സ്ഥിതിയാണ് ഇപ്പോഴത്തെ വെര്‍ച്വല്‍ ക്ലാസ് റൂമുകളില്‍ ഉണ്ടായ സംഭവങ്ങള്‍. സംസ്ഥാനത്ത് 80 ശതമാനം സ്‌കൂളുകളിലും ലൈവ് ക്ലാസുകള്‍ തുടങ്ങിക്കഴിഞ്ഞു. അതില്‍ 90 ശതമാനവും ഉപയോഗിക്കുന്നത് ഗൂഗിള്‍ മീറ്റാണ്. മൈക്രോസോഫ്റ്റ് ടീംസ്, വെബെക്‌സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നവരും ഉണ്ട്.

ക്ലാസിനുള്ള ലിങ്കുകള്‍ ആര്‍ക്കും കൈമാറരുതെന്ന് കുട്ടികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കണം. ഒരു സ്‌കൂളിലെ നിശ്ചിത ക്ലാസിലെ കുട്ടികളുടെ ഐ.ഡി.കള്‍ ഷെഡ്യൂള്‍ചെയ്തുവെയ്ക്കാനുള്ള സംവിധാനം ഗൂഗിള്‍ മീറ്റിലുണ്ട്. രണ്ടുമാസം വരെ ഈ ലിങ്കിന് വാലിഡിറ്റിയും ഉണ്ടാവും. ഇങ്ങനെ ഷെഡ്യൂള്‍ ചെയ്യുമ്പോള്‍ കുട്ടിക്ക് ക്ലാസ് സമയത്ത് നേരിട്ട് പ്രവേശിക്കാം. ഷെഡ്യൂള്‍ ചെയ്തവരുടെ കൂട്ടത്തിലില്ലാത്ത ആള്‍ വരുമ്പോള്‍ പ്രവേശനാനുമതി ചോദിക്കും. അത് നിഷേധിച്ചാല്‍ മതിയാവും.

സ്‌കൂളുകള്‍ക്കനുസരിച്ച് പ്ലാറ്റ്‌ഫോം ഒരുക്കാം

ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകളെക്കുറിച്ച് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നല്ല ധാരണ ഉണ്ടാവണം. സ്‌കൂളുകളുടെ ആവശ്യകതയ്ക്ക് അനുസരിച്ച് സുരക്ഷ ഒരുക്കുന്നതാവും ഉചിതം. കുട്ടികളുടെ എണ്ണം, ഡിവിഷനുകളുടെ എണ്ണം എന്നിവകൂടി കണക്കിലെടുത്ത് കസ്റ്റമൈസ് ചെയ്യാന്‍ കഴിയും.

പാട്ടത്തില്‍ ധന്യ മേനോന്‍, സൈബര്‍ വിദഗ്ധ

Content Highlights: Complaints about outsiders infiltrating online classes for school children are rising