കൊച്ചി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2021 ലെ എന്‍.ഐ.ആര്‍.എഫ് റാങ്കിങ്ങിൽ രാജ്യത്തെ മികച്ച ആറാമത്തെ മെഡിക്കല്‍ കോളേജായി കൊച്ചി അമൃത തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ റാങ്കിങ്ങിലെ ഏഴാം സ്ഥാനത്തുനിന്നാണ് ആറാം സ്ഥാനത്തേക്കുയര്‍ന്നത്.ആദ്യ പത്ത് റാങ്കുകളില്‍ ഉള്‍പ്പെട്ട കേരളത്തില്‍ നിന്നുള്ള ഏക മെഡിക്കല്‍ കോളേജ് എന്ന നേട്ടവും അമൃതയ്ക്കുണ്ട്. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആണ് ഒന്നാം സ്ഥാനത്ത്. ഫാര്‍മസി കോളേജ്, ഡെന്റല്‍ കോളേജ് വിഭാഗങ്ങളിലെ റാങ്കിങ്ങിലും ഇത്തവണ തിളക്കമാര്‍ന്ന നേട്ടമാണ് അമൃത സ്വന്തമാക്കിയത്. ഫാര്‍മസി റാങ്കിംഗില്‍ 12-ാം സ്ഥാനവും ഡെന്റല്‍ കോളേജ് വിഭാഗത്തില്‍ 13-ാം റാങ്കും അമൃതയ്ക്കാണ്. മുന്‍ വര്‍ഷത്തേക്കാള്‍ മികച്ച റാങ്കിങ് ആണിത്. 

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓവറോള്‍ റാങ്കിങ്ങിലും ഇത്തവണ അമൃതയ്ക്ക് മുന്നിലെത്താനായി. ഓവറോള്‍ റാങ്കിംഗില്‍ 12 -ാം സ്ഥാനമാണ് അമൃത നേടിയത്. സര്‍വകലാശാലകളുടെ റാങ്കിങ്ങിൽ 5-ാം സ്ഥാനവും എഞ്ചിനീയറിങ് കോളേജുകളുടെ റാങ്കിംഗില്‍ 16ാം സ്ഥാനവും ഇത്തവണ അമൃത സ്വന്തമാക്കി. തുടര്‍ച്ചയായി ഇത് അഞ്ചാം വര്‍ഷമാണ് രാജ്യത്തെ മികച്ച 10 സര്‍വകലാശാലകളുടെ പട്ടികയില്‍ അമൃത ഇടംപിടിക്കുന്നത്. സര്‍വകലാശാലയുടെ അക്കാദമിക്, ഫാക്കല്‍റ്റി മികവും മറ്റ് സൗകര്യങ്ങളും അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും അധ്യാപകരും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ എല്ലാവരും ഒന്നിച്ച് നടത്തിയ പരിശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടമെന്നും അമൃത വിശ്വ വിദ്യാപീഠം വൈസ് ചാന്‍സലര്‍ ഡോ. പി വെങ്കട്ട് രംഗന്‍ പറഞ്ഞു. 

വ്യാഴാഴ്ച ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ആണ് ഈ വര്‍ഷത്തെ എന്‍ഐആര്‍എഫ് റാങ്കിങ് പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തുന്നതിനായാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഭാഗമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (എന്‍.ഐ.ആര്‍.എഫ്) എല്ലാ വര്‍ഷവും റാങ്കുകള്‍ പ്രഖ്യാപിക്കുന്നത്. ഓവറോള്‍, സര്‍വകലാശാല, എഞ്ചിനീയറിങ്, മാനേജ്മെന്റ്, ഫാര്‍മസി, കോളജ്, മെഡിക്കല്‍, നിയമം, ആര്‍ക്കിടെക്ച്ചര്‍, ഡെന്റല്‍, റിസര്‍ച്ച് തുടങ്ങി 11 വിഭാഗങ്ങളിലായാണ് റാങ്കിങ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

content highlights: Cochi Amritha Medical college comes 6th in the NIRF ranking