തിരുവനന്തപുരം: പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷാ ഫലപ്രഖ്യാപനത്തിനും പ്ലസ് വൺ പ്രവേശനത്തിനും മുമ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന് അടിയന്തരമായി തീർപ്പാക്കാൻ ഒട്ടേറെ പ്രശ്നങ്ങൾ. സംസ്ഥാന സിലബസിൽ പരീക്ഷയഴുതിയും കേന്ദ്രസിലബസിൽ പരീക്ഷയെഴുതാതെയും വിജയിച്ചവരെ ഉൾപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിന് പൊതുമാനദണ്ഡം ഉണ്ടാക്കേണ്ടിവരും. പരീക്ഷകൾക്ക് കൈക്കൊണ്ട ഉദാരസമീപനം ഇക്കൊല്ലം എ പ്ലസുകാരുടെ എണ്ണവും വിജയശതമാനവും ഉയർത്തും. കേന്ദ്രസിലബസിലെ വിദ്യാർഥികൾക്ക് പത്താംക്ലാസ് പരീക്ഷ ഉപേക്ഷിച്ചെങ്കിലും വിജയം നിശ്ചയിക്കാനുള്ള മാനദണ്ഡം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഗ്രേസ് മാർക്കിന്റെ കാര്യത്തിലും തീരുമാനമായില്ല.

ജൂൺ പകുതിയോടെയെങ്കിലും എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനം നടത്താനാണ് ശ്രമം.

സി.ബി.എസ്.ഇ.യും ഐ.സി.എസ്.ഇ.യും മുൻക്ലാസുകളുടെ മികവിന്റെ അടിസ്ഥാനത്തിൽ ഫലപഖ്യാപനം നടത്തിയാൽത്തന്നെ വിജയികളുടെയും എ വൺകാരുടെയും എണ്ണത്തിൽ കുതിപ്പുണ്ടാകും. കേന്ദ്രസിലബസുകാരുടെ നിലപാട് സംസ്ഥാനം പരിശോധിക്കും. വൈകാതെ ചേരുന്ന ഗുണമേന്മ പരിശോധന സമിതി(ക്യു.ഐ.പി.)യുടെ യോഗം ഇവ ചർച്ചചെയ്യും.

ഗ്രേസ് മാർക്ക് നൽകണോ ഉപേക്ഷിക്കണമോയെന്നതും വിഷയമാണ്. സ്കൂൾ കലോത്സവമോ കായികമേളയോ നടന്നില്ല. എൻ.സി.സി.യുടെയും എൻ.എസ്.എസിന്റെയും ചെറിയപരിപാടികൾ മാത്രമാണ് നടന്നത്. കല, കായിക മേഖലകളിൽ മുൻക്ലാസുകളിലെ നേട്ടങ്ങൾ പരിഗണിച്ച് ഗ്രേസ് മാർക്ക് നിശ്ചയിച്ചുകൂടെന്നില്ല.

Content Highlights: Class ten pass percentage will increase; state to introduce a general standard for Plus One admission