ന്യൂഡല്‍ഹി: പന്ത്രണ്ടാംക്ലാസ് പരീക്ഷ റദ്ദാക്കിയ സംസ്ഥാന ബോര്‍ഡുകള്‍ വിദ്യാര്‍ഥികളെ വിലയിരുത്തുന്ന രീതി പത്തുദിവസത്തിനകം പ്രസിദ്ധപ്പെടുത്തണമെന്ന് സുപ്രീംകോടതി. ഇന്റേണല്‍ അസൈസ്‌മെന്റ് ഫലം ജൂലായ് 31-നകം പ്രസിദ്ധീകരിക്കണമെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ അവധിക്കാല ബെഞ്ച് ആവശ്യപ്പെട്ടു.

അതേസമയം, എല്ലാ സംസ്ഥാനബോര്‍ഡുകളും ഒരേ വിലയിരുത്തല്‍ രീതി സ്വീകരിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഓരോ ബോര്‍ഡും പ്രത്യേകതയുള്ളതും സ്വയംഭരണ സ്വഭാവത്തിലുള്ളതുമാണ്. രാജ്യവ്യാപകമായി ഏകീകൃത വിലയിരുത്തല്‍ രീതി വേണമെന്ന് നിര്‍ദേശിക്കാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

കോവിഡ് സാഹചര്യത്തില്‍ സംസ്ഥാന ബോര്‍ഡുകളുടെ പന്ത്രണ്ടാംക്ലാസ് പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. അനുഭ സഹായ് ശ്രീവാസ്തവ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. കേരളമുള്‍പ്പെടെ ആറുസംസ്ഥാനങ്ങളില്‍ നേരത്തേ തന്നെ പന്ത്രണ്ടാംക്ലാസ് പരീക്ഷ നടന്നുകഴിഞ്ഞു.

ആന്ധ്രാപ്രദേശ് ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളെല്ലാം പരീക്ഷ റദ്ദാക്കുകയും ചെയ്തു. ജൂലായ് അവസാനവാരം പരീക്ഷ നടത്തുമെന്നാണ് ആന്ധ്രാപ്രദേശ് അറിയിച്ചത്. സുപ്രീംകോടതി അതില്‍ കടുത്ത അതൃപ്തിയറിയിച്ചിരുന്നു. സുപ്രീംകോടതിയുടെ വിമര്‍ശനത്തെത്തുടര്‍ന്ന് വ്യാഴാഴ്ച വൈകീട്ട് ആന്ധ്രാപ്രദേശും പരീക്ഷ റദ്ദാക്കി.

Content Highlights: Class 12 Result calculation criteria, States to submit report within 10 days