ന്യൂഡൽഹി: വിദ്യാർഥികളുടെ ഒൻപത്, പത്ത് ക്ലാസ്സുകളിലെ ഇന്റേണൽ പരീക്ഷയുടെ മാർക്ക് നൽകാൻ സ്കൂളുകളോട് ആവശ്യപ്പെട്ട് കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സി.ഐ.എസ്.സി.ഇ).

പത്താംക്ലാസ്സ് വിദ്യാർഥികളുടെ പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ അവരുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാനുള്ള വിലയിരുത്തൽ മാനദണ്ഡം തയ്യാറാക്കാനാണ് ബോർഡ് ഈ വിവരങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.

വിദ്യാർഥികളുടെ ഒൻപത്, പത്ത് ക്ലാസ്സുകളിലെ ശരാശരി മാർക്കാണ് സ്കൂളുകളോട് നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. യൂണിറ്റ് ടെസ്റ്റ്, ഓൺലൈൻ/ഓഫ്ലൈൻ പരീക്ഷകൾ തുടങ്ങി എല്ലാത്തരം മാർക്കുകളും സ്കൂളുകൾക്ക് നൽകാം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ വിലയിരുത്തിയതിന് ശേഷമാകും പത്താംക്ലാസ്സ് വിദ്യാർഥികളുടെ അന്തിമഫലം പ്രഖ്യാപിക്കുകയെന്ന് സി.ഐ.എസ്.സി.ഇ സെക്രട്ടറി ജെറി ആരത്തോൺ വ്യക്തമാക്കി.

കോവിഡ് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പത്താം ക്ലാസ്സ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനമെടുത്തത് ഏപ്രിൽ 20-നാണ്.

Content Highlights: CISCE Asks Schools To Provide Average Marks Of Class 9, 10 For ICSE Result