ന്യൂഡൽഹി: 11-ാം ക്ലാസ്സിലെ പ്രവേശന നടപടികളാരംഭിക്കാൻ സ്കൂളുകളോട് ആവശ്യപ്പെട്ട് കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കേഷൻ എക്സാമിനേഷൻ (സി.ഐ.എസ്.സി.ഇ). 11-ാം ക്ലാസ്സ് വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ്സ് ആരംഭിക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും സി.ഐ.എസ്.സി.ഇ അറിയിച്ചു. 2023-ലെ ഐ.എസ്.സി സിലബസാണ് സ്കൂളുകൾ പിന്തുടരേണ്ടത്.

കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ ഐ.സി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് ഇത്തരമൊരു നിർദേശവുമായി ബോർഡ് മുന്നോട്ട് വന്നത്.

വിദ്യാർഥികളുടേയും അധ്യാപകരുടേയും സുരക്ഷ മാനിച്ചാണ് ഐ.സി.എസ്.ഇ പരീക്ഷ റദ്ദാക്കാനും ഐ.എസ്.സി പരീക്ഷ മാറ്റിവെക്കാനും തീരുമാനിച്ചതെന്ന് ബോർഡ് വ്യക്തമാക്കി. പത്താംക്ലാസ്സ് വിദ്യാർഥികളുടെ മൂല്യ നിർണയത്തിനായി സുതാര്യമായ മാനദണ്ഡങ്ങൾ സ്വീകരിക്കുമെന്നും ബോർഡ് സെക്രട്ടറി ജെറി ആരത്തോൺ അറിയിച്ചു.

Content Highlights: CISCE Asks Schools To Begin Class 11 Admission Process