നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തിയ അഗ്രിക്കള്‍ച്ചര്‍, അനുബന്ധ പ്രോഗ്രാമുകളിലെ ബിരുദം, ബിരുദാനന്തര ബിരുദം, ജെ.ആര്‍.എഫ്/എസ്.ആര്‍.എഫ്. (പിഎച്ച്.ഡി.) പ്രവേശനപ്പരീക്ഷകള്‍ അടിസ്ഥാനമാക്കിയുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് (ഐ.സി.എ.ആര്‍.) കൗണ്‍സലിങ് നടപടികള്‍ https://icarexam.net ല്‍ തുടങ്ങി.നവംബര്‍ 22 വരെ രജിസ്റ്റര്‍ ചെയ്ത്, കൗണ്‍സലിങ് ഫീസ് അടയ്ക്കാം. ചോയ്‌സ് ഫില്ലിങ് 23 വരെ . പ്രവേശനപരീക്ഷയില്‍ പൂജ്യം മാര്‍ക്കോ, നെഗറ്റീവ് മാര്‍ക്കോ ലഭിച്ചവര്‍ക്ക് സീറ്റ് അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ല.

രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപ. മൂന്നുറൗണ്ട് കൗണ്‍സലിങ്ങും വേണ്ടിവന്നാല്‍ മോപ്-അപ് റൗണ്ട് കൗണ്‍സലിങ്ങും ഐ.സി.എ. ആര്‍. നടത്തും.

വിവിധ കോഴ്‌സുകളിലേക്കും വിവിധ സര്‍വകലാശാലകളിലേക്കും മാത്രമേ ഒരാള്‍ക്ക് ചോയ്‌സ് നല്‍കാന്‍ കഴിയൂ. അലോട്ട്മെന്റ് ലഭിച്ച് സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്നവര്‍ക്ക്, കോളേജ് അനുവദിക്കുന്നത് ബന്ധപ്പെട്ട സര്‍വകലാശാലയാക്കും.

ആദ്യ റൗണ്ട് സീറ്റ് അലോട്ട്‌മെന്റിനു മുമ്പായി ഇപ്പോള്‍ നല്‍കുന്ന ചോയ്‌സുകളാകും, എല്ലാ റൗണ്ടുകളിലും (മൂന്ന് റൗണ്ട്) പരിഗണിക്കുക. ഒന്നും രണ്ടും റൗണ്ടുകളില്‍ മാത്രമേ, അപ്ഗ്രഡേഷന്‍ സൗകര്യം ഉണ്ടാകൂ. ആദ്യ അലോട്ട്മെന്റ് 26-ന് വൈകീട്ട് അഞ്ചിന്. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് 29-ന് വൈകീട്ട് അഞ്ച് വരെ രേഖകള്‍ അപ്ലോഡു ചെയ്യാം.

സര്‍വകലാശാലകള്‍, ഡിസംബര്‍ ഒന്നിന് വൈകീട്ട് അഞ്ചിനകം ഓണ്‍ലൈനായി രേഖാപരിശോധന പൂര്‍ത്തിയാക്കും.എന്തെങ്കിലും സംശയം ഉന്നയിക്കുന്ന പക്ഷം, അപേക്ഷാര്‍ഥി ഓണ്‍ലൈനായി അവ ദൂരീകരിക്കണം. ഡിസംബര്‍ രണ്ടിന് ഉച്ചയ്ക്ക് 12 വരെ ഇതിന് സമയം നല്‍കും.

സീറ്റ് സ്വീകരിക്കല്‍ ഫീസ്, ഡിസംബര്‍ മൂന്നിന് വൈകീട്ട് അഞ്ചിനകം അടയ്ക്കണം. കാറ്റഗറി വ്യത്യാസമില്ലാതെ ഇത് 10000 രൂപയാണ്. അഡ്മിഷന്‍ ഫീസിന്റെ ഭാഗമായി പിന്നീട് ഇതു വകവെക്കും. തുക അടയ്ക്കുന്നതിനു മുമ്പ്, ആദ്യഘട്ടത്തിലെ അലോട്ടുമെന്റിനു ശേഷം, അടുത്ത ഘട്ടങ്ങളില്‍, തന്റെ ഉയര്‍ന്ന ചോയ്‌സുകള്‍ പരിഗണിക്കപ്പെടണമെന്നുള്ളവര്‍, 'അപ്ഗ്രഡേഷന്‍' ഓപ്റ്റ് ചെയ്യണം.

അഡ്മിഷന്‍ അംഗീകരിക്കുന്ന മുറയ്ക്ക് പ്രൊവിഷണല്‍ അഡ്മിഷന്‍ ലറ്റര്‍ ജനറേറ്റ് ചെയ്ത് എടുക്കാന്‍ കഴിയും.

രണ്ട്, മൂന്ന് റൗണ്ട് നടപടികള്‍, യഥാക്രമം ഡിസംബര്‍ എട്ട്, ഡിസംബര്‍ 22 തിയ്യതികളില്‍ ആരംഭിക്കും. മോപ്- അപ് റൗണ്ട് നടപടിക്രമങ്ങള്‍ ജനുവരി ഒന്നിനും.

സംസ്ഥാനത്തിനു പുറത്തുള്ള സര്‍വകലാശാലയില്‍ ഐ.സി. എ.ആര്‍. ക്വാട്ടയില്‍ യു.ജി/പി.ജി. പ്രവേശനം ലഭിക്കുന്നവര്‍ക്ക്, നാഷണല്‍ ടാലന്റ്് സ്‌കോളര്‍ഷിപ്പിന്, വ്യവസ്ഥകള്‍ക്കു വിധേയമായി അര്‍ഹത ലഭിക്കാം.

യു.ജി. കൗണ്‍സലിങ്ങില്‍ യു.ആര്‍, എസ്.സി, എസ്.ടി, ഒ.ബി.സി. വിഭാഗങ്ങളിലായുള്ള മൊത്തം സീറ്റുകള്‍, കോഴ്‌സുകള്‍ അനുസരിച്ച് (കേരളത്തിലെ സര്‍വകലാശാലകളില്‍ ഈ പ്രക്രിയ വഴി അനുവദിക്കുന്ന സീറ്റുകള്‍ ബ്രാക്കറ്റില്‍):

ബി.എസ്സി (ഓണേഴ്സ്): അഗ്രിക്കള്‍ച്ചര്‍- 1493 (കേരള കാര്‍ഷിക സര്‍വകലാശാല - 54), ഹോര്‍ട്ടിക്കള്‍ച്ചര്‍ - 411, ഫോറസ്ട്രി - 136 (കേരള കാര്‍ഷിക സര്‍വകലാശാല - 5), കമ്യൂണിറ്റി സയന്‍സ് - 138, സെറികള്‍ച്ചര്‍ - 13,

ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് - 141 (കേരള ഫിഷറീസ് & ഓഷ്യന്‍ സ്റ്റഡീസ് . സര്‍വകലാശാല -12),

ബി.ടെക് : അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ് -230

(കേരള കാര്‍ഷിക സര്‍വകലാശാല - 7), ഡെയറി ടെക്‌നോളജി - 100 (കേരള വെറ്ററിനറി & ആനിമല്‍ സയന്‍സസ് സര്‍വകലാശാല - 6), ഫുഡ് ടെക്‌നോളജി - 72, ബയോടെക്‌നോളജി - 82.

പി.സി, യു.പി.എസ്, ഇ.ബ്ല്യു.എസ്. സീറ്റുകളും ഉണ്ട്. വിശദമായ പട്ടികകള്‍, https://icarexam.net ല്‍ ഉള്ളഇന്‍ഫര്‍മേഷന്‍ ബ്രോഷറില്‍ ലഭിക്കും.എ.കെ.ഇ.ഇ.എ - പി.ജി, എ.ഐ.സി.ഇ- ജെ. ആര്‍.എഫ്/എസ്.ആര്‍.എഫ്. (പിഎച്ച്.ഡി.) അലോട്ടുമെന്റ് സീറ്റുകളുടെ ലഭ്യതയും ബന്ധപ്പെട്ട ബ്രോഷറിലുണ്ട്.

Content Highlights: choice filling can be done till november 23 for I.C.A.R counselling