തിരുവനന്തപുരം: 'നവകേരളം-യുവകേരളം ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി' എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരളത്തിലെ സർവകലാശാലകളിലെ വിദ്യാർഥികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ആശയവിനിമയം നടത്തുന്നു. അഞ്ച് സർവകലാശാല കാമ്പസുകളിൽ അഞ്ചുദിവസമായാണ് പരിപാടി.

ഫെബ്രുവരി ഒന്നിന് കുസാറ്റ്, ആറിന് കേരള സർവകലാശാല, എട്ടിന് മഹാത്മാഗാന്ധി സർവകലാശാല, 11-ന് കാലിക്കറ്റ്, 13-ന് കണ്ണൂർ സർവകലാശാല എന്നിങ്ങനെയാണ് പരിപാടിയുടെ ക്രമീകരണം. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർഥി പ്രതിഭകൾ സംവാദത്തിൽ പങ്കെടുക്കും.

'ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എങ്ങനെയാകണം' എന്ന വിഷയത്തിൽ വിദ്യാർഥികൾ നിർദേശം സമർപ്പിക്കും. പരിപാടിയോനുബന്ധിച്ച് ജി.എസ്. പ്രദീപിന്റെ 'ഇൻസ്പയർ കേരള' എന്ന പ്രത്യേക ഷോയും ഉൾപ്പെടുത്തിയിട്ടുണ്ട്.

കുസാറ്റിൽ കെ.ടി.യു., ആരോഗ്യ സർവകലാശാല, നുവാൽസ്, കുഫോസ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ പങ്കെടുക്കും. മഹാത്മാഗാന്ധി സർവകലാശാലയിൽ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളും കാലിക്കറ്റ് സർവകലാശാലയിൽ കാർഷിക സർവകലാശാല, മലയാളം സർവകലാശാല, കലാമണ്ഡലം എന്നിവിടങ്ങളിലെ വിദ്യാർഥികളുമുണ്ടാകും. കണ്ണൂർ സർവകലാശാലയിൽ കാസർകോട് കേന്ദ്രസർവകലാശാല, വെറ്ററിനറി സർവകലാശാല എന്നിവിടങ്ങളിലെ വിദ്യാർഥികൾ പങ്കെടുക്കും.

Content Highlights: Chief minister Pinarayi vijayan to interact with students about the future of higher education