തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസമേഖലയില്‍ അന്തര്‍ദേശീയ നിലവാരമുള്ള മികവിന്റെ കേന്ദ്രങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ അറുപത്തി മൂന്നാം സംസ്ഥാന സമ്മേളനം മഹാത്മാ അയ്യങ്കാളി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ കുറവുകളും പരിഹരിച്ച് സര്‍വകലാശാലകളെയും ഗവേഷണസ്ഥാപനങ്ങളെയും കോളേജുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റണമെന്നും അതിനുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ അധ്യാപകര്‍ സജീവ പങ്കാളികളായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമ്മേളനത്തില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആര്‍ ബിന്ദു മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരുടെ വര്‍ക്ക് ലോഡിലെ ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി ഒരു വിദഗ്ധ സമിതി രൂപവത്കരിക്കുമെന്നും സേവനവേതന അപേക്ഷകളും പരാതികളും പരിഹരിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസുകളില്‍  അദാലത്തുകള്‍ നടത്തുമെന്നും ഡോ. ആര്‍ ബിന്ദു പറഞ്ഞു. 

വാക്‌സിന്‍ ചലഞ്ചിലേയ്ക്ക് അധ്യാപകരുടെ സംഭാവനയായ 4.29 കോടി രൂപയുടെ സമ്മതപത്രം സമ്മേളനത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് എ.ജി. ഒലീന ഉന്നത വിദ്യാഭാസ മന്ത്രിയ്ക്കു കൈമാറി. സംഘടനയുടെ വെബ്‌സൈറ്റിന്റെ പ്രകാശനവും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി നടത്തിയ സാഹിത്യമത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു.
Content Highlights: Chief Minister Pinarayi Vijayan