കോഴിക്കോട്: കർണാടകയിൽ നിന്ന് പാരാമെഡിക്കൽ കോഴ്സുകൾ പൂർത്തിയാക്കിയ പതിനായിരത്തിലേറെ വിദ്യാർഥികൾക്ക് കേരളത്തിൽ തുല്യതാസർട്ടിഫിക്കറ്റും രജിസ്ട്രേഷനും ലഭിക്കാത്തതിനാൽ ജോലിക്കോ തുടർപഠനത്തിനോ കഴിയുന്നില്ല. യു.ജി.സി. അംഗീകരിച്ച രാജീവ്ഗാന്ധി ഹെൽത്ത്സയൻസ് സർവകലാശാലയുടെ അംഗീകാരമുള്ള കോളേജുകളിൽനിന്ന് ബിരുദം നേടിയവരാണ് വലയുന്നത്.

2010മുതൽ ബി.എസ്സി. മെഡിക്കൽ ലബോറട്ടറി ടെക്നോളജി, മെഡിക്കൽ ഇമേജിങ്, റേഡിയോതെറാപ്പി തുടങ്ങി 24 ശാഖകളിലായി പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കാണ് കേരള ആരോഗ്യസർവകലാശാലയുെട തുല്യതാസർട്ടിഫിക്കറ്റ് കിട്ടാത്തത്. വിദേശത്ത് തൊഴിലവസരവും ശമ്പളവും ലഭിക്കുന്നുണ്ടെങ്കിലും പോവണമെങ്കിൽ തുല്യതാസർട്ടിഫിക്കറ്റ് വേണം. പി.എസ്.സി. അപേക്ഷയ്ക്കും ആവശ്യമാണ്.

കോഴ്സ് പൂർത്തിയാക്കിയശേഷം അംഗീകാരമുള്ള ഒരു സർക്കാർ ബോഡിയിൽ രജിസ്റ്റർചെയ്താലേ ടെക്നോളജിസ്റ്റുകളായി ജോലിചെയ്യാൻ സാധിക്കുകയുള്ളൂ. കേരള പാരാമെഡിക്കൽ കൗൺസിലാണ് കേരളത്തിലെ അംഗീകൃത ബോഡി. കർണാടകയിൽ പഠിച്ചകുട്ടികളുടെ രജിസ്ട്രേഷന് ആരോഗ്യസർവകലാശാലയുടെ തുല്യതാസർട്ടിഫിക്കറ്റ് വേണമെന്ന് നിഷ്കർഷിക്കുന്നു. യു.ജി.സി. അംഗീകരിച്ച സർവകലാശാലയുടെ ബിരുദം എല്ലാ സർവകലാശാലകളും അംഗീകരിക്കണമെന്ന് വ്യവസ്ഥയുള്ളപ്പോളാണിത്.

ആരോഗ്യസർവകലാശാല നിലവിൽവരുന്നതിനുമുമ്പ് കാലിക്കറ്റ് സർവകലാശാല തുല്യതാസർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഇവർക്കും പാരാമെഡിക്കൽകൗൺസിൽ രജിസ്ട്രേഷൻ നൽകിയിട്ടില്ല.

കർണാടകയിലെ കോഴ്സിന് കാലാവധി കുറവ്

കർണാടകയിലെ കോഴ്സ് മൂന്നരവർഷമാണ്. കേരളത്തിൽ നാലു വർഷവും. എന്നാൽ, കേരളത്തിൽ പഠിപ്പിക്കുന്നതെല്ലാം അവിടെ പഠിപ്പിക്കുന്നുണ്ടെന്നാണ് വിദ്യാർഥികൾ പറയുന്നത്. ഇക്കാര്യം സ്ക്രീനിങ് ടെസ്റ്റ് നടത്തി ഉറപ്പുവരുത്താവുന്നതേയുള്ളുവെന്നും ഇവർ പറയുന്നു.

സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ല

കുറഞ്ഞകാലയളവിൽ പഠിപ്പിക്കുന്ന കോഴ്സുകൾക്ക് തുല്യതാസർട്ടിഫിക്കറ്റ് നൽകുന്നതിന് പ്രയാസമുണ്ട്. നൽകിയാൽ ഇവിടെ നാലുവർഷക്കാരും മൂന്നരവർഷത്തിൽ ഡിഗ്രിനേടിയവരും ഒരേപോലെ ബിരുദാനന്തരകോഴ്സിന് അപേക്ഷിക്കും. ഇത് കേരളത്തിൽ പഠിച്ച വിദ്യാർഥികൾ എതിർക്കും. പി.എസ്.സി.ക്ക് അപേക്ഷിക്കാൻ ഇവർക്ക് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നകാര്യം സർക്കാരിന് തീരുമാനിക്കാം.

ഡോ. മോഹൻ കുന്നുമ്മൽ,

(വൈസ് ചാൻസലർ, കേരള ആരോഗ്യസർവകലാശാല)

Content Highlights: Certificate of Equivalence and Registration is not available; Paramedical students unable to work