ന്യൂഡല്‍ഹി: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ മുന്നോട്ട് വരണമെന്ന് ഐ.ഐ.എം വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ട് കേന്ദ്രം. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ  ഭാഗമായി 11 സംഘങ്ങളെ കേന്ദ്രം നിയോഗിച്ചിട്ടുണ്ട്. ഈ സംഘത്തെ ഡാറ്റാ അനാലിസിസ്, നയരൂപീകരണം തുടങ്ങിയ കാര്യങ്ങളില്‍ സഹായിക്കാനാണ് രാജ്യത്തെ വിവിധ ഐ.ഐ.എമ്മുകളിലെ എം.ബി.എ വിദ്യാര്‍ഥികളോട് പേഴ്‌സണല്‍ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി ഐ.ഐ.എമ്മുകള്‍ വിദ്യാര്‍ഥികളുടെ പട്ടിക തയ്യാറാക്കണമെന്നും മന്ത്രാലയം പറഞ്ഞു. 

ഐ.ഐ.എമ്മുകള്‍ ശുപാര്‍ശ ചെയ്യുന്ന വിദ്യാര്‍ഥികളുടെ ബയോഡാറ്റയും അഭിമുഖത്തിലെ പ്രകടനവും അനുസരിച്ചാകും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ എട്ട് ആഴ്ചവരെയാകും സംഘത്തിനൊപ്പം പ്രവര്‍ത്തിക്കേണ്ടി വരുക. ഇവര്‍ക്ക് കേന്ദ്ര സംഘം ഓരോ ദൗത്യങ്ങള്‍ ഏല്‍പ്പിക്കും.

വിജയകരമായി ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റും ലഭിക്കും. എന്നാല്‍ ഇന്റേണ്‍ഷിപ്പിന് സ്റ്റൈപ്പന്‍ഡ് ഇല്ല. കോഴിക്കോട്, ഇന്‍ഡോര്‍, ലക്‌നൗ, കൊല്‍ക്കത്ത, റായ്പൂര്‍ ഉള്‍പ്പെടെ 20 ഐ.ഐ.എമ്മുകള്‍ക്കാണ് ഇതു സംബന്ധിച്ച് അപേക്ഷ അയച്ചിരിക്കുന്നത്. 

Content Highlights: Centre Wants Interns From IIMs To Help With COVID-19-Related works, corona virus Outbreak, covid-19, lockdown