ന്യൂഡല്‍ഹി: പശുക്കളുടെ പ്രാധാന്യത്തെക്കുറിച്ച് സാധാരണക്കാരില്‍ ജിജ്ഞാസ ഉണ്ടാക്കുന്നതിനും വിവിധയിനം പശുക്കളെക്കുറിച്ച് ബോധവത്കരിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി പശു ശാസ്ത്രത്തില്‍ പരീക്ഷ നടത്താനൊരുങ്ങി കേന്ദ്രം. മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പശുസംരക്ഷണത്തിനായി രൂപവത്കരിച്ച ഏജന്‍സിയായ രാഷ്ട്രീയ കാമധേനു ആയോഗാണ് പരീക്ഷ നടത്തുക.

'കാമധേനു ഗോ വിജ്ഞാന്‍ പ്രചാര്‍പ്രസാര്‍ എക്‌സാമിനേഷന്‍' എന്ന് പേരിട്ടിരിക്കുന്ന പരീക്ഷയില്‍ പ്രൈമറി, സെക്കന്‍ഡറി, കോളേജ് തലങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. സൗജന്യമായി സംഘടിപ്പിച്ചിട്ടുള്ള പരീക്ഷ ഫെബ്രുവരി 25-നാകും നടക്കുക. എല്ലാ വര്‍ഷവും പരീക്ഷ നടത്തുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭായ് കത്തിരിയ പറഞ്ഞു. 

'അഞ്ചുലക്ഷം കോടി മൂല്യമുള്ള സമ്പദ് വ്യവസ്ഥയെക്കുറിച്ചു പറയുമ്പോള്‍ 19.42 കോടി വരുന്ന ഗോവംശത്തെക്കുറിച്ചു സംസാരിക്കണം. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ പ്രാധാന്യം വഹിക്കുന്ന ജീവികളാണവ.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഒബ്ജക്റ്റീവ് മാതൃകയിലുള്ള പരീക്ഷയുടെ ദൈര്‍ഘ്യം ഒരുമണിക്കൂറായിരിക്കും. മൊബൈല്‍ ഫോണിലൂടെയോ കംപ്യൂട്ടറിലൂടെയോ എഴുതാം. ജനുവരി 14 മുതല്‍ ഫെബ്രുവരി 20 വരെ പരീക്ഷയ്ക്കായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തും. ഹിന്ദി, ഇംഗ്ലീഷ് കൂടാതെ 12 പ്രാദേശിക ഭാഷകളില്‍ പരീക്ഷയെഴുതാം. ഫെബ്രുവരി 25-ന് തന്നെ ഫലം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും. മികച്ച സ്‌കോര്‍ നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റിനൊപ്പം സമ്മാനങ്ങളും നല്‍കും.

Content Highlights: Centre to conduct national voluntary online exam on cow science on febuary 25 rashtriya kamdhenu aayog